സ്വർണവ്യാപാരിയുടെ വീട്ടിലെ കവർച്ച; രണ്ടര കിലോ സ്വർണവും 35 ലക്ഷം രൂപയും കണ്ടെത്തി

0
59

തൃശ്ശൂർ: ഗുരുവായൂർ തമ്പുരാൻപടിയിലെ സ്വർണ വ്യാപാരി ബാലൻറെ വീട്ടിൽ നിന്ന് മോഷണം പോയ 35 ലക്ഷം രൂപയും 2.5 കിലോ സ്വർണവും പൊലീസ് കണ്ടെടുത്തു. ഉരുക്കിയ ഒരു കിലോയോളം സ്വർണക്കട്ടി, ബിസ്‌കറ്റ് രൂപത്തിലുള്ള ഒരു കിലോ സ്വർണക്കട്ടി, ബാങ്കിൽ നിന്ന് വാങ്ങിയ 100 ഗ്രാം തങ്കക്കട്ടി, 15 പവൻറെ മാല, രണ്ട് നെക്‌ലേസുകൾ, ഒരു കൈ ചെയിൻ, മൂന്ന് കമ്മൽ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. പ്രതി ധർമ്മരാജിൻറെ എടപ്പാളിലെ വാടക വീട്ടിൽ നിന്നാണ് പൊലീസ് സാധനങ്ങൾ പിടിച്ചെടുത്തത്.

മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിറ്റതിലൂടെ കിട്ടിയ 35 ലക്ഷം രൂപ അഞ്ഞൂറിൻറെ നോട്ടുകെട്ടുകളായാണ് സൂക്ഷിച്ചിരുന്നത്. അടുക്കളയിൽ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ബാഗിലാക്കിയാണ് ഇവയെല്ലാം ഒളിപ്പിച്ചിരുന്നത്. ‌സ്വർണവും പണവും കോടതിയിൽ ഹാജരാക്കും. റിമാൻഡിൽ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തതോടെയാണ് സ്വർണവും പണവും എവിടെയുണ്ടെന്ന് കണ്ടെത്താനായത്. മെയ്‌ 12നാണ് പ്രവാസിയായ സ്വർണ വ്യാപാരിയിൽ നിന്ന് 371 പവനും രണ്ട് ലക്ഷം രൂപയും മോഷണം പോയത്. വീട്ടുകാർ സിനിമ കാണാൻ പോയ തക്കം നോക്കി വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കയറി സ്വർണവും പണവും മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന് ശേഷം കേരളം വിട്ട തമിഴ്‌നാട് സ്വദേശി ധർമ്മരാജിനെ മെയ്‌ 29ന് ചണ്ഡീഗഢിൽ നിന്നാണ് പൊലീസ് പൊക്കിയത്.

സ്വർണം വിൽക്കാൻ സഹായിച്ച പ്രതിയുടെ സഹോദരൻ ചിന്നൻ, ബന്ധു രാജു എന്നിവരും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മറ്റൊരു സഹോദരൻകൂടി ഇനി പിടിയിലാകാനുണ്ട്. മോഷ്‌ടിച്ച സ്വർണത്തിൽ ഭൂരിഭാഗവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ഗുരുവായൂർ എസിപി കെ.ജി സുരേഷ്, ഗുരുവായൂർ സിഐ പി.കെ മനോജ് കുമാർ എന്നിവർ വെളിപ്പെടുത്തി.