യാത്ര തുടങ്ങിയത് ഇരുപതാം വയസിൽ; പത്ത് വർഷത്തിനുള്ളിൽ സന്ദർശിച്ചത് നൂറിലധികം രാജ്യങ്ങൾ…

0
59

യാത്രകൾ ചിലർക്ക് ഹരമാണ്. അത് നൽകുന്ന പാഠങ്ങളും അനുഭവങ്ങളും ചെറുതല്ല. അതുകൊണ്ട് തന്നെയാണ് പലരും യാത്രകളെ തങ്ങളുടെ ജീവിതത്തോട് ചേർത്തുനിർത്തുന്നത്. ഈ ലോകത്തോട് പങ്കുവെക്കാൻ അവരുടെ കയ്യിൽ ഒരുപിടി കഥകളുണ്ട്. ഒരുപാട് അനുഭവങ്ങളും. ഇന്ന് പരിചയപ്പെടുത്തുന്നത് അങ്ങനെ ഒരു ചെറുപ്പക്കാരനെയാണ്. ഈ യുവാവ് 30 വയസ്സിനുള്ളിൽ സന്ദർശിച്ചത് നൂറിലധികം രാജ്യങ്ങളാണ്. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും സംഭവം സത്യമാണ്. ഇരുപതാം വയസിലാണ് ലീ എന്ന ചെറുപ്പക്കാരൻ തന്റെ ആദ്യത്തെ യാത്ര തുടങ്ങുന്നത്.

അമേരിക്കയിൽ നിന്നും ഉപരിപഠനത്തിനായി ലണ്ടനിലേക്കാണ് ലീ ആദ്യമായി യാത്ര നടത്തിയത്. പഠനത്തിനിടെ നിരവധി ആളുകളെ കണ്ടു. പരിചയപ്പെടാനും സാധിച്ചു. ഇതാണ് തന്നെ യാത്രകളിലേക്ക് നയിച്ചതെന്നും ലീ പറയുന്നു. ആളുകളെ പരിചയപെട്ടു തുടങ്ങിയപ്പോൾ അവരെ കുറിച്ച് കൂടുതൽ അറിയണമെന്നും കൂടുതൽ സ്ഥലങ്ങൾ കാണണമെന്നും ആഗ്രഹം തോന്നി. അവിടെ നിന്നാണ് തന്റെ യാത്ര ജീവിതത്തിന് ലീ കൂടുതൽ പ്രാധാന്യം നൽകി തുടങ്ങിയത്. പിന്നീട് യാത്രയായിരുന്നു ആ ചെറുപ്പക്കാരന്റെ ജീവിതം. യാത്രകളിലൂടെയാണ് ഞാൻ ജീവിതം പഠിക്കുന്നതെന്നും ലീ പറയുന്നു. ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങളും ഒരു ലാപ്ടോപ്പുമാണ് യാത്രകളിൽ ലീ തനിക്കൊപ്പം കൊണ്ടുപോകുന്നത്. പലരാജ്യങ്ങളിലും സന്ദർശിക്കുമ്പോൾ ഭാഷ ഒരു പ്രശ്നമാകാറുണ്ടെങ്കിലും കൺവെർട്ടർ ഉപയോഗിച്ചാണ് ആളുകളോട് സംസാരിക്കുന്നത്. എന്നാൽ യാത്രകൾ സമ്മാനിക്കുന്ന സന്തോഷങ്ങൾക്കൊപ്പം തന്നെ ദുരനുഭവങ്ങളും യാത്രകളിൽ ഉണ്ടായിട്ടുണ്ടെന്ന് ലീ പറയുന്നു.

തനിച്ച് യാത്ര ചെയ്യാനാണ് ഇഷ്ടമെങ്കിലും ചിലപ്പോഴൊക്കെ യാത്രകളിൽ തനിക്കൊപ്പം സുഹൃത്തുക്കളും കുടുംബങ്ങളും ചേരാറുണ്ട്. ഒരിക്കൽ ലീയുടെ ഒരു സുഹൃത്ത് ലീയാണ് ലോകത്തിൽ ഏറ്റവുമധികം യാത്ര ചെയ്തതെന്ന വിവരങ്ങൾ വെച്ച് ഒരു മെയിൽ അയച്ചിരുന്നു. അപ്പോഴാണ് താൻ ഇത്രയധികം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്ന് ലീ തിരിച്ചറിയുന്നത്. എന്തുതന്നെയാലാലും യാത്രകൾക്കൊപ്പം ജീവിതം തുടരാനാണ് ഈ ചെറുപ്പക്കാരനറെ തീരുമാനം.