100 കോടി ക്ലബിൽ ഇടംപിടിച്ച് കമൽഹാസൻ-ലോകേഷ് കനകരാജ് ചിത്രം വിക്രം

0
91

100 കോടി ക്ലബിൽ ഇടംപിടിച്ച് കമൽഹാസൻ-ലോകേഷ് കനകരാജ് ചിത്രം വിക്രം. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ടാണ് വിക്രം ആ​ഗോളതലത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്.
ഫിലിം ട്രാക്കർ രമേഷ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ദിനം ചിത്രം നേടിയത് 34 കോടി രൂപയാണ്. കേരളത്തില്‍ നിന്നു മാത്രം ചിത്രം അഞ്ച് കോടിയിലേറെയാണ് നേടിയത്. കമൽഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് വിക്രം.
സിനിമ കണ്ട നടൻ രജനികാന്ത് കമലിനെ വിളിച്ച് അഭിനന്ദനമറിയിച്ചതായും രമേഷ് ബാല ട്വീറ്റ് ചെയ്തു. കേരളം, തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
റിലീസിന് മുന്‍പേ സാറ്റ്‌ലൈറ്റ്, ഒടിടി അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് ചിത്രം നേടിയത്. ഒടിടി, സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കാന്‍ കടുത്ത മത്സരമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍ അതിഥിവേഷത്തിലെത്തിയ സൂര്യ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.