കണ്ണൂരിൽ പോലീസിനെ വെട്ടിച്ച് കടന്ന കാർ മതിലിലിടിച്ചു; കണ്ടെടുത്തത് വടിവാൾ; നാല് പേർ രക്ഷപ്പെട്ടു

0
46

കണ്ണൂർ : വാഹന പരിശോധന നടത്തുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച കാർ മതിലിൽ ഇടിച്ചു. കാറിൽ നിന്ന് വടിവാൾ കണ്ടെടുത്തി. കാറിലുണ്ടായിരുന്ന നാല് പേർ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സിറ്റി നീർച്ചാലിൽ വെച്ചാണ് സംഭവം. സിറ്റി പോലീസിനെ നാല് ഉദ്യോഗസ്ഥരാണ് വാഹനപരിശോധന നടത്തിയത്. ഇതിനിടയിൽ വന്ന കാർ പോലീസിനെ കണ്ടതോടെ പെട്ടെന്ന് ഓടിച്ചുപോകാൻ ശ്രമിച്ചു. എന്നാൽ നേരെ ചെന്ന് മതിലിൽ ഇടിക്കുകയായിരുന്നു. കെ.എൽ. 13 എ.ഇ. 9101 കാറാണ് അപകടത്തിൽ പെട്ടത്.

പോലീസ് എത്തുമ്പോഴേക്കും പിറകേ വന്ന മറ്റൊരു കാറിൽ കയറി ഇവർ രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വടിവാൾ കണ്ടെടുത്തത്. രണ്ട് മൊബൈൽ ഫോണും കാറിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കാറിൽ നിന്ന് ലഭിച്ച ഫോണുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്.