സോഷ്യൽ മീഡിയയിൽ വളരുന്ന വിദ്വേഷങ്ങൾ; ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗം 38% കുതിച്ചുയര്‍ന്നതായി റിപ്പോർട്ടുകൾ

0
66

ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാത്തവർ വളരെ ചുരുക്കമാണ്. ഇന്ന് നമ്മുടെ ദൈന്യദിന ജീവിതത്തിന്റെ ഭാഗമാണ് സാമൂഹ്യമാധ്യമങ്ങൾ. ലോകത്തിന്റെ പല ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ഞൊടിയിടയിൽ അറിയാനും നമ്മുടെ അഭിപ്രായങ്ങളും പരാമർശങ്ങളും ആളുകളിലേക്ക് എത്തിക്കാനും സോഷ്യൽ മീഡിയ സഹായകമായിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയ വഴിയുള്ള വിദ്വേഷ പ്രസംഗം വളർന്നുവോ? ഇന്ത്യയിൽ ഫെയ്സ്ബുക് വഴിയുള്ള വിദ്വേഷ പ്രസംഗം കുത്തനെ ഉയർന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ഏപ്രിലിൽ ഇൻസ്റ്റഗ്രാമിലെ അക്രമ ഉള്ളടക്കം 86 ശതമാനമാണ് വർധിച്ചത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളിൽ ഏപ്രിലിൽ 37.82 ശതമാനം വർധനയും ഇൻസ്റ്റാഗ്രാമിലെ അക്രമ ഉള്ളടക്കത്തിൽ 86 ശതമാനം വർദ്ധനവ് ഉണ്ടായതായും മെറ്റാ പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. മെയ് 31 ന് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് കണ്ടെത്തിയ ഭൂരിഭാഗം ഉള്ളടക്കവും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കണ്ടെത്തിയതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏപ്രിലിൽ മാത്രം 53,200 വിദ്വേഷ പ്രസംഗങ്ങൾ ഫെയ്സ്ബുക് കണ്ടെത്തിയിട്ടുണ്ട്. ഇത് മാർച്ചിൽ കണ്ടെത്തിയ 38,600 മായി താരതമ്യം ചെയ്യുമ്പോൾ 37.82 ശതമാനം കൂടുതലാണ്.

ഫേസ്‌ബുക്കിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലും അക്രമ ഉള്ളടക്കങ്ങൾ വർദ്ധിക്കുന്നുണ്ട്. ഏപ്രിലിൽ 77,000 അക്രമവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഇൻസ്റ്റാഗ്രാമിൽ നിന്നും കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നു. മാർച്ചിലെ കണക്കു പ്രകാരം ഇതിന്റെ എണ്ണം 41,300 ആയിരുന്നു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് വളർന്നു വരുന്ന അക്രമണ ഉള്ളടക്കങ്ങളിലേക്കാണ്.