ധാക്ക : ബംഗ്ലാദേശിലെ കണ്ടെയ്‌നർ ഡിപ്പോയിൽ സ്‌ഫോടനം. 25 പേർ മരിച്ചു. നൂറിലേറെ പേർക്ക് പൊളളലേറ്റു. തെക്കൻ ബംഗ്ലാദേശിൽ ചിറ്റാഗോണിൽ നിന്നും 40 കിലോമീറ്റർ മാറി സീതഗുണ്ടയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. ബിഎം കണ്ടെയ്‌നർ ഡിപ്പോയിലാണ് സ്‌ഫോടനം നടന്നത്. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഡിപ്പോയിലെ ചില കണ്ടെയ്‌നറുകളിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ഇത് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അഞ്ച് അഗ്നിരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സ്‌ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകൾക്ക് അകലെ വരെ അനുഭവപ്പെട്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വീടുകളുടെ ജനാലകളും വാതിലുകളും തകർന്നു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും വർദ്ധിക്കാനും സാദ്ധ്യതയുണ്ട്.