കെ.സി ലിതാരയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതം; ബിഹാര്‍ പൊലീസ് കേരളത്തിലേക്ക്

0
53

കോഴിക്കോട്: ബാസ്‌ക്കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ബിഹാര്‍ പൊലീസ്. ലിതാരയുടെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ ബിഹാര്‍ പൊലീസ് കേരളത്തിലെത്തും. കോച്ച് രവി സിംഗിന്റെ പീഡനമാണ് ലിതാര ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ബിഹാര്‍ പൊലീസിന്റെ രാജീവ് നഗര്‍ സ്റ്റേഷനിലെ പൊലീസാണ് നിലവില്‍ കേസന്വേഷിക്കുന്നത്.

ലിതാരയുടെ മാതാപിതാക്കളുടെയും അയല്‍വാസിയായ നിഷാന്തിന്റെയും സഹോദരീ ഭര്‍ത്താവിന്റെയും മൊഴിയെടുക്കും. ഏപ്രില്‍ 26നാണ് കെ സി ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏപ്രില്‍ 27നാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവിസിംഗ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവന്‍ രാജീവിന്റെ പരാതിയില്‍ രവി സിംഗിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല. ട്വന്റിഫോര്‍ വാര്‍ത്തയും നിരന്തര ഇടപെടലുമാണ് ലിതാരയുടെ മരണത്തിന്റെ അന്വേഷണത്തിന് ഊര്‍ജം നല്‍കിയത്. ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളെ കസ്റ്റഡിയിലെടുക്കാനോ മൊഴി രേഖപ്പെടുത്താനോ ബിഹാര്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചിരുന്നു. കോഴിക്കോട് പാതിരിപ്പറ്റയില്‍ കരുണന്‍ ലളിത ദമ്പതികളുടെ മൂന്ന് മക്കളില്‍ ഒരാളാണ് കായികതാരം ലിതാര കെ.സി.