പാർവതിദേവിയുടെ അവതാരമാണ്, ശിവനെ വിവാഹം ചെയ്യണം;നിരോധിതപ്രദേശമായ നാഭിധാംഗിൽ നിന്നും മടങ്ങാതെ യുവതി

0
89

ലഖ്‍നൗ(Lucknow)വിൽ നിന്നുള്ള ഒരു സ്ത്രീ ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നുള്ള നിരോധിതപ്രദേശമായ നാഭിധാംഗിൽ (Nabhidhang close to the Indo-China border) നിന്ന് പുറത്ത് കടക്കാൻ വിസമ്മതിച്ചു. വളരെ വിചിത്രമായ കാരണമാണ് അതിന് അവർ പറഞ്ഞത്. താൻ പാർവതി ദേവി(Goddess Parvati)യുടെ അവതാരമാണ് എന്നും കൈലാസപർവതത്തിൽ വസിക്കുന്ന ശിവനെ (Lord Shiva) മാത്രമേ താൻ വിവാഹം കഴിക്കൂ എന്നുമാണ് അവർ പറഞ്ഞത്. 
പിടിഐ റിപ്പോർട്ട് പ്രകാരം നിരോധിത സ്ഥലത്ത് നിന്നും സ്ത്രീയെ മാറ്റാനായി പോയ പൊലീസ് സംഘത്തിന് നിരാശരായി മടങ്ങേണ്ടി വന്നു. തന്നെ നിർബന്ധമായി കൊണ്ടുപോകാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായി പിത്തോരഗഡ് എസ്പി ലോകേന്ദ്ര സിംഗ് പറഞ്ഞു. പിന്നീട് അവളെ ബലം പ്രയോഗിച്ച് ധാർചുലയിലേക്ക് കൊണ്ടുവരാൻ ഒരു വലിയ സംഘത്തെ അയക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. 
ഉത്തർപ്രദേശിലെ അലിഗഞ്ച് പ്രദേശത്തെ താമസക്കാരിയാണ് യുവതി. എസ്ഡിഎം ധാർചുല നൽകിയ 15 ദിവസത്തെ അനുമതിയോടു കൂടിയാണ് അമ്മയോടൊപ്പം ഗുഞ്ചിയിലേക്ക് അവർ പോയത്. എന്നാൽ, മെയ് 25 -ന് അവരുടെ സമയം കഴിഞ്ഞു. എന്നാൽ, ശേഷവും നിരോധിത പ്രദേശം വിട്ടുപോകാൻ യുവതി വിസമ്മതിക്കുകയായിരുന്നു എന്നും എസ്പി പറഞ്ഞു. 12 ആരോ​ഗ്യവിദ​ഗ്‍ദ്ധനടങ്ങുന്ന ഒരു വലിയ പൊലീസ് സംഘത്തെ വെള്ളിയാഴ്ച പ്രദേശത്തേക്ക് അയക്കാനും യുവതിയെ അവിടെ നിന്നും തിരികെ കൊണ്ടുവരാനും ആണ് പദ്ധതി എന്ന് അദ്ദേഹം പറയുന്നു. 
റിപ്പോർട്ടുകളനുസരിച്ച് യുവതിയുടെ മാനസികനില തൃപ്തികരമല്ല എന്നാണ് പറയുന്നത്. അതിനാലാവാം താൻ പാർവതി ദേവിയുടെ അവതാരമാണ് എന്നും ശിവനെ വിവാഹം കഴിക്കണം എന്നും യുവതി ആവർത്തിച്ച് പറയുന്നത് എന്ന് കരുതുന്നു. കൈലാസ്-മാനസസരോവറിലേക്കുള്ള വഴിയിലാണ് ​ഗുഞ്ചി.