കാശ്മീരിലെ ഭീകരാക്രമണങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ദില്ലിയിൽ വമ്പൻ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി

0
220

ദില്ലി: കാശ്മീരിലെ ഭീകരാക്രമണങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ദില്ലിയിൽ വമ്പൻ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. ജന്തർ മന്തറിൽ ജൻ അക്രോശ് റാലി ഉദ്ഘാടനം ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കശ്മീരിൽ പരിഹാരമാണ് വേണ്ടത്, യോഗങ്ങൾ അല്ലെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരിൽ കേന്ദ്രസർക്കാർ കുറെ യോഗങ്ങൾ നടത്തി. ഇനിയെങ്കിലും പരിഹാരം എന്തെങ്കിലും കൈയിൽ ഉണ്ടെങ്കിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അത് തുറന്ന് പറയണം. എത്രയധികം പേർ കശ്മീരിൽ കൊല്ലപ്പെട്ടു. എന്നിട്ടും ആലോചനയല്ലാതെ ഒന്നും നടക്കുന്നില്ല. ബിജെപി കശ്മീരിൽ പൂർണ പരാജയമാണ്. ഇനിയെങ്കിലും കശ്മീരിനെ ഉപയോഗിച്ചുള്ള രാഷ്ട്രീയം ബിജെപി നിർത്തണം. കശ്മീരി പണ്ഡിറ്റുകളെ എവിടെയെല്ലാം സ്ഥലം മാറ്റിയെന്ന വിവരങ്ങൾ അടങ്ങിയ ട്രാൻസ്ഫർ ലിസ്റ്റ് ബിജെപി എന്തിന് പുറത്തുവിട്ടുവെന്ന് കെജ്രിവാൾ ചോദിച്ചു. ഇത് ഭീകരർക്ക് സഹായമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.