തിരുവനന്തപുരം: മൊബൈല്‍ ഫോണിന് അടിമപ്പെട്ടതിനെ തുടർന്ന് കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജീവ മോഹനാണ് ശനിയാഴ്ച കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണം താന്‍ ജീവനൊടുക്കുന്നതായാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന മൂന്നുപേജുള്ള കുറിപ്പ് പോലീസ് കണ്ടെടുത്തു.
പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയാണ് ജീവ മോഹന്‍ പ്ലസ് വണ്‍ പ്രവേശനം നേടിയത്. വീട്ടില്‍ മുറിയടച്ചിട്ട് പഠിക്കാനിരിക്കുന്നതായിരുന്നു ശീലം. കഴിഞ്ഞദിവസവും ജീവ മുറി അടച്ചിട്ട് പഠിക്കാനിരുന്നു. ഇതിനിടെ, അനുജത്തി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍ക്കാരെത്തി ജനല്‍ച്ചില്ല് തകര്‍ത്ത് നോക്കിയതോടെയാണ് ജീവയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മുറിയുടെ വാതില്‍ തകര്‍ത്ത് കുട്ടിയെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.
മൊബൈല്‍ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ താന്‍ ജീവനൊടുക്കുകയാണെന്നാണ് ജീവ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. താന്‍ മൊബൈല്‍ ഫോണിന് അടിമപ്പെട്ടു. മൊബൈല്‍ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇതുകാരണം ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു തുടങ്ങിയ കാര്യങ്ങളും കുറിപ്പിലുണ്ടായിരുന്നു.
അതേസമയം, മരിച്ച ജീവ മോഹന്‍ സാമൂഹികമാധ്യങ്ങളില്‍ അധികസമയം ചിലവഴിച്ചിരുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ യൂട്യൂബില്‍ പതിവായി കൊറിയന്‍ ബാന്‍ഡുകളുടെ സംഗീത പരിപാടികള്‍ കണ്ടിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.