Thursday
18 December 2025
29.8 C
Kerala
HomeIndiaകൂട്ട കുടിയേറ്റ ഭീഷണി ഉയര്‍ത്തി കശ്മീരിലെ പണ്ഡിറ്റ് ജീവനക്കാര്‍

കൂട്ട കുടിയേറ്റ ഭീഷണി ഉയര്‍ത്തി കശ്മീരിലെ പണ്ഡിറ്റ് ജീവനക്കാര്‍

ശ്രീനഗര്‍: കൂട്ട കുടിയേറ്റ ഭീഷണി ഉയര്‍ത്തി കശ്മീരിലെ പണ്ഡിറ്റ് ജീവനക്കാര്‍. താഴ്വരക്ക് പുറത്ത് തങ്ങളെ നിയമിച്ചില്ലെങ്കില്‍ കൂട്ടമായി കുടിയേറ്റം നടത്തും എന്നാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കശ്മീരില്‍ സാധാരണ പൗരന്‍മാര്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിച്ചതോടെയാണ് ഈ ആവശ്യവുമായി പണ്ഡിറ്റുകള്‍ രം ഗത്ത് വന്നത്. ഇതിനായി ജീവനക്കാര്‍ വെള്ളിയാഴ്ച പ്രതിഷേധ പ്രകടനം നടത്തി. റിസര്‍വ് വിഭാഗം ജീവനക്കാര്‍ 2007 മുതല്‍ താഴ്‌വരയില്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും കഴിഞ്ഞ 15 വര്‍ഷമായി ഒരിക്കലും അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിട്ടില്ലെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

“സാധാരണക്കാരെ കൊന്നൊടുക്കുമ്ബോള്‍ ഈ താഴ്‌വരയില്‍ ഞങ്ങള്‍ സുരക്ഷിതരല്ലെന്ന് തോന്നുന്നില്ല, ഞങ്ങളാരും താഴ്‌വരയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. കശ്മീരില്‍ നിന്ന് ജമ്മു മേഖലയിലെ ഞങ്ങളുടെ സ്വന്തം ജില്ലകളിലേക്ക് ഞങ്ങളെ ഉടന്‍ മാറ്റാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.” അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ജമ്മുവില്‍ നിന്നുള്ള ആരും കശ്മീരില്‍ സേവനമനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മറ്റൊരു പ്രതിഷേധക്കാരന്‍ പറഞ്ഞു. ഞങ്ങള്‍ക്കായി സമഗ്രമായ ഒരു ട്രാന്‍സ്ഫര്‍ നയം രൂപീകരിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ സ്ഥലംമാറ്റ നയം കൊണ്ടുവന്നില്ലെങ്കില്‍ കൂട്ടത്തോടെ രാജിവെക്കുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ കശ്മീരില്‍ ജോലിക്ക് നിയമിച്ച ചില പണ്ഡിറ്റ് ജീവനക്കാര്‍ ജമ്മുവിലേക്ക് മാറിയിട്ടുണ്ട്. “കശ്മീര്‍ താഴ്വരയില്‍ സാഹചര്യം വളരെ സംഘര്‍ഷഭരിതമാണ്. പണ്ഡിറ്റുകളുടെ ആദ്യ കുടിയേറ്റം 1990 ലാണ് നടന്നത്, ഇപ്പോള്‍ രണ്ടാമത്തേത് നടന്നുകൊണ്ടിരിക്കുകയാണ്. 32 വര്‍ഷങ്ങള്‍ക്ക് ശേഷവും പണ്ഡിറ്റുകള്‍ കശ്മീരില്‍ സുരക്ഷിതരല്ല,” എന്ന് അനന്ത്നാഗില്‍ നിന്ന് മടങ്ങുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേ സമയം കശ്മീരില്‍ നടക്കുന്ന അക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രം ഗത്ത് എത്തി. രണ്ടാമത്തെ കശ്മീര്‍ പണ്ഡിറ്റ് പലായനം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി മാത്രമാണ് ഇതിന് ഉത്തരവാദിയെന്നും ഓള്‍ ഇന്ത്യ മജ്‌ലിസ് -ഇ- ഇത്തേഹാദുല്‍ മുസ്‌ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഒവൈസി.
കശ്മീര്‍ പണ്ഡിറ്റുകളെക്കുറിച്ചുള്ള സിനിമയെ മാത്രമെ ബിജെപി ഇടപെടു എന്നും യഥാര്‍ത്ഥ പ്രശ്നത്തില്‍ ഇടപെടില്ല എന്നും കോണ്‍ ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി കശ്മീര്‍ താഴ്വരയില്‍ സാധാരണക്കാര്‍ക്കെതിരായ അക്രമം വര്‍ധിച്ചു വരുന്നു. കുല്‍ഗാം ജില്ലയില്‍ വിജയ് കുമാര്‍ എന്ന ബാങ്ക് മാനേജര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അതേ ജില്ലയിലെ ഗോപാല്‍പോര പ്രദേശത്ത് രജനി ബാല എന്ന സ്കൂള്‍ അധ്യാപികയും വെടിയേറ്റ് മരിച്ചു. ദിവസങ്ങള്‍ക്ക് മുമ്ബ് ഒരു ടെലവിഷന്‍ താരത്തേയും തീവ്രവാദികള്‍ ഇവിടെ കൊലപ്പെടുത്തി. മെയ് 12 ന് ബുദ്ഗാമിലെ ചദൂര തഹസില്‍ ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രാഹുല്‍ ഭട്ടും വെടിയേറ്റ് മരിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments