കരുനാഗപ്പള്ളിയിൽ വൻ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ നിന്നെത്തിച്ച മാരക ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ

0
62

കൊല്ലം : കരുനാഗപ്പള്ളിയിൽ വൻ ലഹരിമരുന്ന് വേട്ട. 55 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കേരളപുരം സ്വദേശി അജിത്താണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി കേരളത്തിൽ മയക്കുരുന്ന് എത്തിച്ച അജിത്തിനെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പിടികൂടിയത്.

എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് അജിത്ത് എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ലഹരിമരുന്ന് ഉപയോഗിക്കുന്ന യുവാക്കളെ നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നാണ് ഇടപാടുകാരനായ അജിത്തിന്റെ വിവരങ്ങൾ ലഭിച്ചത്.

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. പോലീസിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ഇയാളെ പിടികൂടിയത്. ജില്ലയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ എംഡിഎംഎ വേട്ട കൂടിയാണിത് എന്നാണ് വിവരം. നേരത്തെയും ഇയാൾ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.