‘വിക്ര’മിന് കേരളത്തിൽ വൻവരവേൽപ്പ്; ആദ്യദിനം ചിത്രം നേടിയത്

0
65

ഭാഷാഭേദമെന്യെ ഏവരും പ്രതീ​ക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിക്രം’. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതൽ പ്രേക്ഷകശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് വിവിധ കോണുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ആ പ്രതികരണം ആദ്യദിവസത്തെ ബോക്സ് ഓഫീസിലും കാണാനാകും.

കേരളത്തിൽ നിന്നും മാത്രം ചിത്രം നേടിയത് 5 കോടിയിലേറെ രൂപയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. കേരളത്തിലെ ആദ്യദിന കളക്ഷനിൽ മുന്നിൽ നിൽക്കുന്നത് കെജിഎഫ് 2 ആണ്. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം വിക്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, ആദ്യ ആഴ്ച തന്നെ വിക്രം തമിഴ്നാട്ടിൽ 100 കോടി തൊടുമെന്നാണ് ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ അതിഥി താരമായി സൂര്യയും എത്തുന്നുണ്ട്. അതേസമയം, റിലീസിന് പിന്നാലെ ചിത്രത്തിന്റെ എച്ച് ഡി ക്വാളിറ്റിയുള്ള വീഡിയോ പുറത്തിറങ്ങിയിരുന്നു. മൂവിറൂള്‍സ്, തമിള്‍റോക്കേഴ്‍സ് തുടങ്ങിയ സൈറ്റുകളാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്.