സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

0
100

തിരുവനന്തപുരം: സ്‌കൂളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. 
സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുത്. അവബോധം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കായംകുളത്തും കൊട്ടാരക്കരയിലുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കായംകുളത്ത് ടൗൺ യുപി സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് അന്വേഷിക്കാനാവശ്യപ്പെട്ടത്. സ്കൂളിൽ നിന്നും ഉച്ചഭക്ഷണമായി കഴിച്ച ചോറും സാമ്പാറുമാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് സംശയം. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 
കായംകുളത്ത് പുത്തൻ റോഡ് ടൗൺ ഗവ. യു പി സ്കൂളിലെ കുട്ടികളെയാണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിൽ നിന്ന് വിതരണം ചെയ്ത ചോറും സാമ്പാറും പയറു തോരനും കഴിച്ച കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായത്. സ്കൂളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിൾ ഉൾപ്പെടെ ശേഖരിച്ചു. ഭക്ഷണം പാകം ചെയ്ത അടുക്കളയിലും ആരോഗ്യ വകുപ്പ് സംഘം പരിശോധന നടത്തി.
കൊട്ടാരക്കരയിൽ ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് അങ്കണവാടി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നാല് കുട്ടികളെയാണ് ആശുപത്രിയിലാക്കിയത്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ രക്ഷിതാക്കളെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.  രക്ഷിതാക്കളും നഗരസഭ ഉദ്യോഗസ്ഥരും അങ്കണവാടിയിലെത്തി നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും  പുഴുവരിച്ച അരി കണ്ടെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംഭവസ്ഥലത്ത്  പൊലീസെത്തി. കൊട്ടാക്കര നഗരസഭ ചെയര്‍മാന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.