മരുഭൂമിയില്‍ നിന്നും എ ആര്‍ റഹ്മാനും ബ്ലെസിയും: ആട് ജീവിതം പുരോ​ഗമിക്കുന്നു

0
59

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആട് ജീവിതം. ബെന്യാമിന്റെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ജോര്‍ദാനില്‍ പുരോഗമിക്കുകയാണ്.റസൂല്‍ പൂക്കുട്ടി ആണ് ആട് ജീവിതത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിക്കുന്നത്.

അമല പോള്‍ ആണ് ചിത്രത്തിലെ നായിക. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും കെ യു മോഹനന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.28 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. യോദ്ധ എന്ന ചിത്രത്തിന് വേണ്ടിയാണ് എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതം നിര്‍വ്വഹിച്ചത്.

ഫഹദ് ഫാസില്‍ ചിത്രം മലയന്‍ കുഞ്ഞിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നതും എ ആര്‍ റഹ്മാന്‍ തന്നെയാണ്. ഇപ്പോളിതാ, എ ആര്‍ റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി. ‘മരുഭൂമിയുടെ സംഗീതം തേടി’ എന്ന കുറിപ്പോടെയാണ് ബ്ലെസി ചിത്രം പങ്കുവെച്ചത്.കഴിഞ്ഞ ദിവസമാണ് എ ആര്‍ റഹ്മാന്‍ ജോര്‍ദാനിലെ സെറ്റിലെത്തിയത്. ‘രണ്ട് ദിവസത്തേക്ക് ഫോണില്ല, ഇന്റര്‍നെറ്റ് ഇല്ല, ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ്’, എന്ന കുറിപ്പോടെ എ ആര്‍ റഹ്മാനും സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.