വിദ്വേഷപ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജിന് വീണ്ടും നോട്ടീസ്

0
79

കൊച്ചി: വിദ്വേഷപ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പി.സി ജോര്‍ജിന് പൊലീസ് വീണ്ടും നോട്ടീസ് നല്‍കി.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് എത്താനാണ് നിര്‍ദേശം.

ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിച്ചാല്‍ അത് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് വീണ്ടും നോട്ടീസ് നല്‍കിയത്. തൃക്കാക്കര തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശ ദിനമായ ഞായറാഴ്ച ഹാജരാകാന്‍ അന്വേഷണോദ്യോഗസ്ഥനായ ഫോര്‍ട്ട് അസി. കമീഷണര്‍ ഷാജി പി.സി. ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു.

ശബ്ദപരിശോധനക്കുള്‍പ്പെടെ രാവിലെ 11ന് ഹാജരാകാനായിരുന്നു നിര്‍ദേശം. തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കുമെന്ന ജോര്‍ജിന്‍റെ പ്രഖ്യാപനത്തിന് തടയിടാനായിരുന്നു പൊലീസിന്‍റെ ഈ നീക്കമെന്ന ആക്ഷേപവുമുയര്‍ന്നിരുന്നു. എന്നാല്‍, പൊലീസിനു മുന്നില്‍ ഹാജരാകാതെ, ജോര്‍ജ് തൃക്കാക്കരയിലേക്ക് പോകുകയായിരുന്നു.

പൊലീസിനു മുന്നില്‍ മൊഴി നല്‍കാന്‍ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടിവരുമെന്ന് അസി. കമീഷണര്‍ ജോര്‍ജിനോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, തൃക്കാക്കരയിലേക്ക് താന്‍ പ്രചാരണത്തിനായി പോകുകയാണെന്നും ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാകില്ലെന്നും ജോര്‍ജ് മറുപടി നല്‍കി.

ആരോഗ്യപരിശോധനക്കുവേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാല്‍ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറക്ക് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നുമായിരുന്നു പി.സിയുടെ മറുപടി. തൃക്കാക്കരയില്‍ പോയ ശേഷം താന്‍ ഹാജരാകാമെന്ന് ജോര്‍ജ് പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, അത് വേണ്ടെന്നും ജാമ്യോപാധികള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കാനുമായിരുന്നു പൊലീസ് തീരുമാനം.

അതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നിയമോപദേശവും തേടി. എന്നാല്‍, ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഇതിലൂടെ തെളിയിക്കാനാകില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. അതിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കേണ്ടെന്ന തീരുമാനത്തിലേക്ക് പൊലീസ് നീങ്ങിയത്. തുടര്‍ന്നാണ് വീണ്ടും നോട്ടീസ് നല്‍കിയത്.