മണിചെയിൻ മാതൃകയിൽ തട്ടിയത് 1200 കോടി; മോറിസ് കോയിൻ തട്ടിപ്പിൽ ഇനിയും പരാതി നൽകാം

0
117

മലപ്പുറം : മോറിസ് കോയിൻ എന്ന ക്രിപ്‌റ്റോ കറൻസി വാഗ്ദാനം ചെയ്ത് മണിചെയിൻ മാതൃകയിൽ 1200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ ക്രൈം ബ്രാഞ്ച്. ഇതിന്റെ ഭാഗമായി തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവർക്ക് പരാതി നൽകാൻ ഫോൺ നമ്പർ പുറത്തുവിട്ടു. ഇതിലൂടെ ലഭിക്കുന്ന പരാതികൾ വിശദമായി രേഖപ്പെടുത്തുമെന്നും അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മോറിസ് കോയിൻ തട്ടിപ്പിലൂടെ മലപ്പുറം ജില്ലയിൽ നിന്ന് മാത്രം ആയിരക്കണക്കിന് ആളുകൾക്കാണ് പണം നഷ്ടപ്പെട്ടത്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാരിലൊരാളെന്ന് സംശയിക്കുന്ന പൂക്കോട്ടുംപാടം സ്വദേശി നിഷാദ് കളിയിടുക്കലിനെതിരായ ഒരു കേസ് മാത്രമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിൽ ജില്ലയിലുള്ളത്. ഇത് പോലീസ് സ്വമേധയാ രജിസ്റ്റർ ചെയ്തതാണ്.

പണം നഷ്ടപ്പെട്ടവർ പരാതി നൽകാൻ തയ്യാറാകാതെ വന്നതോടെ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. എന്നാൽ ഇതേ തട്ടിപ്പ് നടന്ന കണ്ണൂരിൽ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. ഇതോടെയാണ് മലപ്പുറത്തും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.