ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ   കാറിനുള്ളിൽ കൂട്ടബലാത്സം​ഗത്തിനിരയാക്കി

0
124

ഹൈദരാബാദ്: ഹൈദരാബാദിൽ (Hyderabad) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ (Minor Girl)  കാറിനുള്ളിൽ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ (Gang rape) സംഭവത്തിൽ എംഎൽഎയുടെ മകനും പങ്കുണ്ടെന്ന് പൊലീസ്. കേസിലെ അഞ്ച് പ്രതികളും പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ  ശനിയാഴ്ചയാണ് സംഭവം. 17കാരിയായ പെൺകുട്ടിയാണ് ബലാത്സം​ഗത്തിനിരയായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യം പോക്സോ നിയമപ്രകാരമാണ്  കേസെടുത്തത്. പിന്നീട്  ഐപിസി 376 (കൂട്ടബലാത്സംഗം) സെക്ഷനും ചുമത്തി. ഒരു എംഎൽഎയുടെ മകനും ന്യൂനപക്ഷ ബോർഡ് ചെയർമാനും പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നും പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്നെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളെ മാത്രമാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്കൊപ്പം മെഴ്‌സിഡസ് കാറിൽ കയറ്റാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടതായി അതിജീവിതയുടെ പിതാവ് പറഞ്ഞു. പ്രതികൾ തന്റെ മകളോട് മോശമായി പെരുമാറുകയും കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തെ ബിജെപി ശക്തമായി അപലപിച്ചു. കുറ്റകൃത്യത്തിൽ പങ്കെടുത്ത അഞ്ച് കുറ്റവാളികളിൽ ഒരാൾ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പാർട്ടി എംഎൽഎയുടെ മകനാണെന്നും മറ്റൊരാൾ ന്യൂനപക്ഷ ചെയർമാന്റെ മകനാണെന്നും ബിജെപി ആരോപിച്ചു. അതിജീവിതയുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടും ഹൈദരാബാദ് പൊലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബിജെപി ആരോപിച്ചു.