പരപുരുഷ ബന്ധം ആരോപിച്ച് കാമുകിയെ കുത്തി കൊന്ന പ്രവാസി യുവാവിന് യു എ ഇ യിൽ വധശിക്ഷ

0
110

ഉമ്മുല്‍ഖുവൈന്‍: പരപുരുഷ ബന്ധം ആരോപിച്ച് കാമുകിയെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രവാസി യുവാവിന് യുഎഇയില്‍ വധശിക്ഷ. കഴിഞ്ഞ വിചാരണ പൂര്‍ത്തിയാക്കിയ ഉമ്മുല്‍ ഖുവൈന്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. കത്തി ഉപയോഗിച്ച് ബോധപൂര്‍വം യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വിചാരണയില്‍ തെളിഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിന് എട്ട് മാസം മുമ്പാണ് യുവാവും യുവതിയും പ്രണയത്തിലായത്. തുടര്‍ന്ന് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്‍തു. എന്നാല്‍ നിരന്തരമുള്ള വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും കാരണം ഇവര്‍ക്കിടയിലെ ബന്ധം വഷളായി. പ്രവാസി തന്നെയായിരുന്ന കാമുകിക്ക് മറ്റ് പുരുഷന്മാരുമായും ബന്ധങ്ങളുണ്ടെന്ന് ഇയാള്‍ സംശയിക്കുകയും ചെയ്‍തു.
ഒരുമിച്ച് ജോലി ചെയ്‍തിരുന്ന ഇരുവരും സംഭവ ദിവസം രാവിലെ കമ്പനിയുടെ വാഹനത്തിലാണ് ജോലി സ്ഥലത്ത് എത്തിയത്. ഓഫീസില്‍ അന്ന് ജീവനക്കാര്‍ കുറവായിരുന്നു. അതൊരു അവസരമായെടുത്ത് കൊലപാതകത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ് രേഖകള്‍ പറയുന്നത്. യുവതി ബാത്ത് റൂമിലേക്ക് പോയപ്പോള്‍ ഇയാള്‍ അവരെ പിന്തുടര്‍ന്ന് അവിടെവെച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
നെഞ്ചിലും വയറ്റിലും ആഴത്തില്‍ മുറിവേറ്റു. ഇതിലൊരു മുറിവാണ് മരണകാരണമായതും. രക്തക്കുഴലുകള്‍ മുറിഞ്ഞ് വലിയ രക്തസ്രാവത്തിന് കാരണമാവുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്‍തുവെന്നാണ് ശാസ്‍ത്രീയ പരിശോധനയില്‍ കണ്ടെത്തിയത്. പ്രോസിക്യൂഷന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ യുവതിയെ പല തവണ കുത്തിയതായി പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്‍തു.
എന്നാല്‍ യുവതിക്കെതിരെ നിരവധി ആരോപണങ്ങളും ഇയാള്‍ അന്വേഷണ സംഘത്തോട് ഉന്നയിച്ചു. തങ്ങളുടെ ബന്ധത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മറ്റ് പുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ യുവതി നേരത്തെ തന്നെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നെന്നും ഇതിന് പ്രതികാരമായാണ് കുത്തിയതെന്നും ഇയാള്‍ പറഞ്ഞു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണവും ഇയാള്‍ നിഷേധിച്ചു.