കളിക്കുന്നതിനിടെ സെപ്ടിക് ടാങ്കില്‍ വീണ എട്ട് വയസുകാരനും കുട്ടിയെ രക്ഷിക്കാനിറങ്ങിയ അച്ഛനും അമ്മാവനും ശ്വാസം മുട്ടി മരിച്ചു

0
134

ചണ്ഡിഗഡ്: കളിക്കുന്നതിനിടെ സെപ്ടിക് ടാങ്കില്‍ വീണ എട്ട് വയസുകാരനും കുട്ടിയെ രക്ഷിക്കാനിറങ്ങിയ അച്ഛനും അമ്മാവനും ശ്വാസം മുട്ടി മരിച്ചു.
ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ബിച്ചോറിലാണ് സംഭവം. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സെപ്ടിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് അപകടം. എട്ടുവയസുകാരനായ ആരിജ്, അച്ഛന്‍ സിറാജ്, അമ്മാവന്‍ സലാം എന്നിവരാണ് മരണമടഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ അച്ഛന്റെയും അമ്മാവന്റെയും മുന്നില്‍ വച്ചാണ് 20 അടി താഴ്ചയുള്ള സെപ്ടിക് ടാങ്കിലേക്ക് കുട്ടി വീഴുന്നത്. അപ്പോള്‍ തന്നെ പിതാവും അമ്മാവനും ടാങ്കിലേക്ക് ഇറങ്ങിയെങ്കിലും മൂവരും ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും വലിയൊരു സംഭവം നടന്നിട്ടും നാട്ടുകാരോ ബന്ധുക്കളോ സംഭവം പൊലീസില്‍ അറിയിച്ചില്ലെന്ന് പുന്‍ഹാന ഡപ്യൂട്ടി സൂപ്രണ്ട് ഷംസീര്‍ സിങ് പറഞ്ഞു. പൊലീസിനെയോ അധികൃതരെയോ അറിയിക്കാതെ ബന്ധുക്കള്‍ മൂവരുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.