വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് മീൻപിടിക്കാൻ ശ്രമം; യുവാവിന്റെ വായിൽ മീൻ കയറി; വേണ്ടി വന്നത് മേജർ ഓപ്പറേഷൻ

0
102

ബാങ്കോക്ക്: മത്സ്യബന്ധനത്തിനിടെ മത്സ്യം വായിൽപോയ യുവാവിന് വേണ്ടി വന്നത് മേജർ ഓപ്പറേഷൻ.തായ്‌ലൻഡിലാണ് സംഭവം. പരമ്പരാഗതരീതിയിൽ വെള്ളത്തിൽ മുങ്ങാംകുഴിയിട്ട് മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യം വായിൽപോവുകയായിരുന്നു.

മത്സ്യം തൊണ്ടയിൽ കുടുങ്ങിയതോടെ യുവാവിന് ശ്വാസതടസ്സം നേരിട്ടു. ഏറെ നേരം പരിശ്രമിച്ചെങ്കിലും മീനിനെ തൊണ്ടയിൽ നിന്ന് പുറത്തെടുക്കാനായില്ല. ഇതോടെ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

വിദഗ്ധ പരിശോധനയിൽ മത്സ്യം യുവാവിന്റെ തൊണ്ടയ്‌ക്കും മൂക്കിനുമിടയിലുള്ള ഭാഗത്ത് കുടുങ്ങിയതായി കണ്ടെത്തി. അഞ്ച് ഇഞ്ചോളം വലുപ്പം വരുന്നതായിരുന്നു മത്സ്യം. തുടർന്ന് ശസ്ത്രക്രിയ നടത്തി മത്സ്യത്തെ പുറത്തെടുക്കുകയായിരുന്നു. അപൂർവ്വമായ സംഭവം എന്നാണ് ഡോക്ടർമാർ ഇതിനെ വിശേഷിപ്പിച്ചത്. യുവാവ് സുഖം പ്രാപിച്ച് വരികയാണെന്നും ഉടൻ ആശുപത്രി വിടാമെന്നും അധികൃതർ വ്യക്തമാക്കി. യുവാവിന്റെ സ്‌കാനിങ്ങിന്റെ ചിത്രവും മത്സ്യത്തിന്റെ ചിത്രവും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.