തിരുവനന്തപുരം: നിങ്ങള്‍ കാരണമാണ് എന്‍റെ അച്ഛന്‍ മരിച്ചത്, ഇനി അടക്കാനും പറ്റില്ലെന്നോ…അച്ഛന്‍റെ മൃതദേഹം അടക്കാന്‍ കുഴിമാടം വെട്ടുന്ന കൗമാരക്കാരന്‍റെ ചോദ്യത്തിന് മുന്നില്‍ കേരളം നിശബ്‌ദമായ ദിവസം.
2020 ഡിസംബര്‍ 22. നെയ്യാറ്റിന്‍കരയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് കുടിയൊഴുപ്പിക്കാനെത്തിയ പൊലീസുകാര്‍ക്ക് മുന്നില്‍ രാജന്‍, അമ്ബിളി ദമ്ബതികള്‍ തീ കൊളുത്തുകയായിരുന്നു.
അച്ഛനും അമ്മയും കത്തിയമര്‍ന്ന മണ്ണില്‍ വീടൊരുങ്ങി, പക്ഷേ തര്‍ക്കം അവസാനിക്കുന്നില്ല
ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ദിവസങ്ങള്‍ക്ക് ശേഷം ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. പിന്നാലെ അമ്ബിളിയും. വീട്ടുവളപ്പില്‍ അച്ഛന്‍റെ മൃതദേഹം സംസ്‌കരിക്കുന്നത് തടയാനെത്തിയ പൊലീസുകാരോട് ചൂണ്ടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന മകന്‍ കേരളത്തിന് എന്നും കണ്ണീര്‍ കാഴ്‌ചയാണ്.
വാഗ്‌ദാനങ്ങള്‍ നടപ്പിലായില്ല: അടച്ചുറപ്പുള്ള വീട് രാജനും അമ്ബിളിക്കും എന്നും സ്വപ്‌നമായിരുന്നു. അതിനുമുന്‍പേ അവര്‍ മടങ്ങി. രാജന്‍റെയും അമ്ബിളിയുടെയും മരണത്തിന് പിന്നാലെ ഇവര്‍ താമസിക്കുന്ന ഭൂമി ഏറ്റെടുത്ത് വീട് നിര്‍മിച്ച് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്‌ദാനം നല്‍കിയിരുന്നു.
വീട് നിര്‍മാണത്തിനായി തുക അനുവദിച്ചെങ്കിലും ഉടമസ്ഥാവാകാശം സംബന്ധിച്ച തര്‍ക്കം മൂലം വീട് നിര്‍മിക്കാനായില്ല. ഇതിനിടയിലാണ് ഫിലോകാലിയ എന്ന സന്നദ്ധ സംഘടന എത്തുന്നതും ഇവര്‍ക്കായി പുതിയ വീട് നിര്‍മിച്ച് നല്‍കുന്നതും. രാഹുലും രഞ്ജിത്തും മുത്തശ്ശി തുളസിയും ചേര്‍ന്ന് പുതിയ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങ് നടത്തി.
ഭൂമി തര്‍ക്കം കോടതിയുടെ പരിഗണനയില്‍: ഫിലോകാലിയ ട്രസ്റ്റ് ചെയര്‍മാന്‍ മാരിയോ ജോസഫ്, ട്രസ്റ്റ് ഫൗണ്ടര്‍ ജിജി മാരിയോ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. അനിത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാഹുലിന് സഹകരണ സംഘത്തില്‍ കണ്‍സ്യൂമര്‍ സ്റ്റോറില്‍ സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നു. രഞ്ജിത്ത് പ്ലസ് ടു പരീക്ഷയുടെ ഫലം കാത്തിരിക്കുന്നു.
മുത്തശ്ശി തുളസിക്കൊപ്പമാണ് രാഹുലും രഞ്ജിത്തും പുതിയ വീട്ടില്‍ താമസിക്കുന്നത്. അവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഭൂമിയുടെ അവകാശ തര്‍ക്കം കോടതിയുടെ പരിഗണനയിലാണ്. എങ്കിലും വീടെന്ന സ്വപ്‌നത്തിനിടെ പൊലിഞ്ഞ അച്ഛനും അമ്മയും ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ പുതിയ വീട്ടില്‍ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ് രാഹുലും രഞ്ജിത്തും