സിൽവർ ലൈൻ ഭൂമിയേറ്റെടുക്കൽ തുടങ്ങും

0
144

തിരുവനന്തപുരം: സിൽവർലൈൻ കെ റെയിൽ (Silver line) പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ തുടങ്ങുമെന്ന് രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് (LDF Government progress report ). പദ്ധതിയുമായി മുന്നോട്ട് പോകാനായി കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ലഭിച്ചതായാണ് ഇടത് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നത്. ഡി.പി.ആർ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.  പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നും ലഭിച്ച നിർദ്ദേശമെന്നും സർക്കാർ വ്യക്തമാക്കുന്നു. 
കെഎസ്ആർടിസിയെ പുനസംഘടിപ്പിക്കാനുള്ള നീക്കങ്ങളുമായി സർക്കാർ മുന്നോട്ട് പോകും. സ്വന്തം കാലിൽ നിൽക്കാൻ കെഎസ്ആർടിസിയെ  പര്യാപ്തമാക്കും. സ്വയംപര്യാപ്‌തമാകും വരെ കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യം വായ്പകൾ സർക്കാർ തിരിച്ചടക്കും. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ ഉറപ്പാക്കും. ശമ്പള പരിഷ്കരണത്തിൽ സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കും. തിരുവനന്തപുരം, കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ഛയങ്ങൾ കെ.എസ്.ആർ.ടി.സി കെടിഡിഎഫ് സിയിൽ നിന്നും തിരിച്ചെടുക്കും. കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റും പുനസംഘടിപ്പിക്കും.  സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോ​ഗ്രസ് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ തുടങ്ങി വെച്ച കിഫ്ബി പദ്ധതികൾ മുഴുവൻ അഞ്ച്  വർഷത്തിനുള്ളിൽ പൂർത്തിയാക്കും. വരുമാനത്തിൽ നിന്ന് തിരിച്ചടവ് ഉറപ്പാക്കാനുള്ള ജാഗ്രത കിഫ്ബി പാലിക്കുന്നുണ്ട്. കിഫ്ബിയുടെ തിരിച്ചടവ് സർക്കാർ ബാധ്യത അല്ലെന്ന് പ്രോഗ്രസ്സ് റിപ്പോർട്ടിലും സർക്കാർ ആവർത്തിക്കുന്നു.