പിണറായി 2.0; ഒന്നാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് സമാപനം, ജനങ്ങൾക്ക് മുന്നിൽ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് വരും

0
73

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് വൈകിട്ട് സമാപനം. സംസ്ഥാനതല സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ഒരു വർഷത്തെ സ‍ർക്കാരിന്‍റെ പ്രവ‍ർത്തനങ്ങളുടെ രത്ന ചുരുക്കമാകും പ്രോഗ്രസ് റിപ്പോർട്ട്. അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ച് കനകക്കുന്നിൽ നടന്നുവരുന്ന എന്റെ കേരളം മെഗാപ്രദർശന വിപണനമേളയും ഇന്ന് അവസാനിക്കും. മെയ് 27നാണ് മേള ആരംഭിച്ചത്. പ്രശസ്തരമായ കലാകാരൻമാർ നയിക്കുന്ന സാംസ്കാരി കലാപരിപാടികളടക്കം നിരവധി പരിപാടികളാണ് മേളയുടെ ഭാഗമായി കനകക്കുന്നിൽ അരങ്ങേറുന്നത്.

ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം 2022 മെയ് 27ന് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് നിർവ്വഹിച്ചത്. ഊരാളി ബാൻഡിന്റെ മ്യൂസിക്കൽ ഷോ, ശാസ്താംകോട്ട കനൽ ബാൻഡിന്റെ നാടൻ പാട്ടുമേളം, പേരാമ്പ്ര മാതായുടെ നൃത്ത പരിപാടി, പ്രശസ്ത സൂഫി സംഗീതജ്ഞൻ സമീർ ബിൻസിയുടെ സൂഫി സംഗീതം തുടങ്ങി നിരവധി പരിപാടികളാണ് കനകക്കുന്നിൽ അരങ്ങേറിയത്. ശീതീകരിച്ച 250 ഓളം സ്റ്റാളുകൾ, കലാസാംസ്കാരിക പരിപാടികൾ, നവീന സാങ്കേതിക വിദ്യകളുടെ പ്രദർശനം,എന്റെ കേരളം ഐ-പിആർഡി, കേരളത്തെ അറിയം – ടൂറിസം പ്രദർശനം, കാർഷിക വിപണന – പ്രദർശനമേള, നിരവധി രുചി വിഭവങ്ങളുമായി ഫുഡ്കോർട്ട് എന്നിവയും മേളയുടെ ഭാഗമാണ്. രാവിലെ 10 മുതൽ രാത്രി 10വരെയാണ് പ്രവേശനം. ഇന്ന് രാത്രി വരെയുള്ള മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.

അതേസമയം കൊവിഡ് മഹാമാരി മൂലം ഏറ്റവും പ്രയാസം അനുഭവിച്ചത് കുഞ്ഞുങ്ങളാണെന്നും കഴിയാവുന്നത്ര പൊതുവിടങ്ങളില്‍ കളിയിടങ്ങൾ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞു. സംസ്ഥാനതല പ്രവേശനോത്സവം ഇന്നലെ ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടനം നടന്നത്. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണ്. കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്കൂളും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. വിദ്യാലയം നാടിന്‍റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രമാണ്. ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ല. മതനിരപേക്ഷത അപകടപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.