കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ്

0
101

ദില്ലി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് (Sonia Gandhi) കൊവിഡ് ബാധ (Covid19) സ്ഥിരീകരിച്ചു. രോഗം നിർണയിച്ചതിന് പിന്നാലെ അവർ സ്വയം നിരീക്ഷണത്തിലേക്ക് മാറി. നാഷണൽ ഹെറാൾഡുമായി (National Herald Case) ബന്ധപ്പെട്ട കള്ളപ്പണ കേസിൽ (Money Laundering Case) ബുധനാഴ്ച എൻഫോഴ്സ്മെന്റ് വിഭാഗം (Enforcement Directorate) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കെയാണ് ഇവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
2012ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തുടർ നടപടിയുമായി ഇഡി മുന്നോട്ട് പോവുകയാണ്. ഇന്ന് ഹാജരാകാനായിരുന്നു രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതെങ്കിലും വിദേശത്തായതിനാല്‍ ഈ മാസം അ‍ഞ്ചിന് ശേഷമേ ഹാജരാകാന്‍ കഴിയൂവെന്ന് രാഹുല്‍ഗാന്ധി അറിയിച്ചിരുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്.
നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ്  ജോണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റടെുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് പരാതി.  2015ല്‍ കേസ് ഇഡി അവസാനിപ്പിച്ചതാണെന്നും പുതിയ ഉദ്യോഗസ്ഥരെ ഇറക്കി സമ്മര്‍ദ്ദിത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്നും കോൺഗ്രസ് പ്രതികരിച്ചു.
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും  ഡയറക്ടര്‍മാരായി 5 ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനി രണ്ടായിരം കോടി രൂപയിലേറെ ആസ്തിയുള്ള  അസോസിയേറ്റഡ് ജേർണല്‍ എന്ന കമ്പനി തട്ടിയെടുത്തുവെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ പരാതി. വെറും 50 ലക്ഷം രൂപയേ ഇടപാടിനായി നല്‍കിയുള്ളൂവെന്നും പരാതിയിലുണ്ട്. ദില്ലി കോടതിയില്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ ഹാജരാകാന്‍ സോണിയക്കും, രാഹുലിനും നോട്ടീസ് നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി കുടുംബം നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. യങ് ഇന്ത്യയെ ട്രസ്റ്റായി പരിഗണിക്കണമെന്ന ആവശ്യം നേരത്തെ നികുതി ട്രൈബ്യൂണല്‍ തള്ളിയിരുന്നു.