കേന്ദ്രസര്‍ക്കാറിന് മുന്നിലുള്ള പുതിയ വെല്ലുവിളിയായി തക്കാളിയുടെ വിലക്കയറ്റം

0
99

ന്യൂഡല്‍ഹി: പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ ബുദ്ധിമുട്ടുന്ന കേന്ദ്രസര്‍ക്കാറിന് മുന്നിലുള്ള പുതിയ വെല്ലുവിളിയായി തക്കാളിയുടെ വിലക്കയറ്റം.
തക്കാളി, ഉരുളക്കിളങ്, ഉള്ളി എന്നിവ ഇന്ത്യന്‍ അടുക്കളയുടെ അവിഭാജ്യ ഘടങ്ങളാണ്. ഇവയുടെ വിലക്കയറ്റം രാജ്യത്തിന്റെ പണപ്പെരുപ്പത്തിലും കാര്യമായ സ്വാധീനം ചെലുത്തും.

കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്ബോള്‍ തക്കാളിയുടെ റീടെയില്‍ വില 70 ശതമാനം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവുമായാണ് താരതമ്യമെങ്കില്‍ റീടെയില്‍ വിലയിലുണ്ടായ വര്‍ധനവ് 168 ശതമാനമാണ്. ഏകദേശം 53 രൂപയിലാണ് പല റീടെയില്‍ വില്‍പനശാലകളിലും തക്കാളി വില്‍ക്കുന്നതെന്ന് കേന്ദ്രസര്‍ക്കാറിന്റെ ഭക്ഷ്യമന്ത്രാലയത്തിന്റെ തന്നെ കണക്കുകളില്‍ നിന്നും വ്യക്തമാകും.

ഭക്ഷ്യഎണ്ണ മുതല്‍ ഗോതമ്ബ് വരെ രാജ്യത്തെ വലിയൊരു വിഭാഗം ഭക്ഷ്യവസ്തുക്കളുടേയും വില വര്‍ധിച്ചിരിക്കുകയാണ്. ഇതുമൂലം ഏപ്രിലില്‍ എട്ട് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് പണപ്പെരുപ്പം എത്തിയിരുന്നു. പണപ്പെരുപ്പം ഉയര്‍ന്നതോടെ ഗോതമ്ബിന്റേയും പഞ്ചസാരയു​ടേയും കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

പണപ്പെരുപ്പം ഉയര്‍ന്നതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് വായ്പ പലിശനിരക്കുകളും ഉയര്‍ത്തിയിരുന്നു. പലിശനിരക്കുകളില്‍ 40 ബേസിക്സ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രസര്‍ക്കാറിന് രാഷ്ട്രീയമായും വെല്ലുവിളിയാണ്.