ജോ ജോസഫിന്റെ വ്യാജ വിഡിയോ; സൂത്രധാരൻ നസീറെന്ന് റിമാൻഡ് റിപ്പോർട്ട്

0
95

കൊച്ചി: തൃക്കാക്കരയിൽ ജോ ജോസഫിന്റെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. നസീറാണ് വിഡിയോയുടെ സൂത്രധാരൻ. വാട്ട്സ് ആപ്പ് ​ഗ്രൂപ്പുകളിലൂടെ വിഡിയോ വ്യാപകമായി പ്രചരിപ്പിച്ചത് നൗഫലെന്നയാളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെപ്പറ്റി റിമാൻഡ് റിപ്പോർട്ടിൽ പരാമർശമില്ല. അറസ്റ്റിലായ അബ്ദുൽ ലത്തീഫിന് വിഡിയോ കൈമാറിയത് നൗഫലാണ്. പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അരൂക്കുറ്റി സ്വദേശി നൗഫല്‍, അബ്ദുള്‍ ലത്തീഫ്, നസീര്‍ എന്നിവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

നൗഫലിന് മുഖ്യസൂത്രധാരൻ നസീറാണ് വിഡിയോ കൈമാറിയതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവാണ് നൗഫല്‍ എന്ന് തൃക്കാക്കര പൊലീസ് വെളിപ്പെടുത്തിയിരുന്നു. മലപ്പുറം കോട്ടക്കുന്ന് സ്വദേശി അബ്ദുള്‍ ലത്തീഫിനെ കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്. ഇയാളാണ് വിഡിയോ അപ്ലോഡ് ചെയ്തത്. അബ്ദുള്‍ ലത്തീഫ് ലീഗ് അനുഭാവിയാണെന്നും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കൊച്ചി പൊലീസ് പറഞ്ഞിരുന്നു.

അറസ്റ്റിലായ ലത്തീഫ് ലീഗുകാരനാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് പ്രതികരിച്ചിരുന്നു. പ്രതി മുസ്ലീം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. ലത്തീഫിൻ്റെ നാട്ടിലുള്ളവരോട് ലത്തീഫിനു ലീഗുമായി ബന്ധമില്ലെന്ന് പറയാൻ നേതാക്കൾക്ക് ആർജ്ജവം ഉണ്ടോ. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റുകൾ ലീഗുകാരനാണെന്ന് തെളിയിക്കുന്നു. പ്രതിയെ തള്ളിപ്പറയാൻ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ തയ്യാറാവണമെന്നും ഇ.എൻ. മോഹൻദാസ് ആവശ്യപ്പെട്ടു.