രാജ്യം സാമ്പത്തിക തകര്‍ച്ചയുടെ വക്കിൽ; പാകിസ്ഥാൻ വിഭജിക്കപ്പെടും; സൈന്യം ഇടപെടണമെന്ന് ഇമ്രാൻ ഖാൻ

0
147

പാകിസ്ഥാൻ ഇപ്പോൾ കടന്നുപോകുന്നത് നാശത്തിൻ്റെ പാതയിലാണെന്നും ശരിയായ തീരുമാനങ്ങള്‍ എടുത്തില്ലെങ്കിൽ രാജ്യം തകരുമെന്ന മുന്നറിയിപ്പുമായി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സൈന്യം എത്രയും വേഗം ഇടപെട്ടില്ലെങ്കിൽ രാജ്യം തകരുമെന്നും മൂന്നായി വിഭജിക്കപ്പെടുമെന്നുമാണ് ഇമ്രാൻ ഖാൻ്റെ മുന്നറിയിപ്പ്. നേരത്തെ അവിശ്വാസ പ്രമേയത്തിലൂടെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായ ഇമ്രാൻ ഖാൻ നിലവിലെ പാക് സര്‍ക്കാരിനെതിരെ കടുത്ത രാഷ്ട്രീയ ആക്രമണം തുടരുകയാണ്.
സൈന്യം അടിയന്തിരമായി ഇടപെടുകയും തന്നെ അധികാരത്തിൽ തിരിച്ചെത്താൻ സഹായിക്കുകയും ചെയ്തില്ലെങ്കിൽ രാജ്യം നശിക്കുമെന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്. ഇപ്പോഴുള്ള പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അധികാരത്തിൽ തുടര്‍ന്നാൽ പാക് സൈന്യം നശിക്കുമെന്നും രാജ്യം സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പാകിസ്ഥാനിൽ നിന്നുള്ള മാധ്യമമായ ബോൽ ന്യൂസിനോടു പ്രതികരിക്കവേയായിരുന്നു ഇമ്രാൻ ഖാൻ്റെ പരാമര്‍ശങ്ങൾ.
പാകിസ്ഥാന്റെ അസ്ഥിരമായ സാമ്പത്തികാവസ്ഥ മുതലെടുത്ത് രാജ്യത്തിനെ ആണവനിരായുധീകരണം നടത്താനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ശക്തിപ്പെടുത്തേണ്ട പ്രധാനമന്ത്രിസ്ഥാനം അടക്കമുള്ള പദവികള്‍ ദുര്‍ബലപ്പെട്ടെന്നും ഇമ്രാൻ ഖാൻ തന്റെ സംഭാഷണത്തിൽ പറഞ്ഞു.
ആണവായുധമുള്ള ഒരേയൊരു ഇസ്ലാമിക രാജ്യം നമ്മളാണെന്നതാണ് അവർ കാണുന്ന പ്രശ്നം. അതു നഷ്ടപ്പെട്ടാൽ പാകിസ്ഥാൻ മൂന്നായി വിഭജിക്കപ്പെടും. ബലൂചിസ്ഥാനെ മറ്റൊരു രാജ്യമാക്കാനുള്ള പദ്ധതി ഇന്ത്യയിലെ ബുദ്ധിജീവികൾ മെനയുന്നുണ്ട്. ഇപ്പോൾ മികച്ച തീരുമാനങ്ങൾ എടുത്തില്ലെങ്കിൽ രാജ്യത്തിന് ജീവനൊടുക്കേണ്ടി വരുമെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.