സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത

0
51

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. മധ്യകേരളത്തിലെയും വടൻകേരളത്തിലെയും തീരമേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

നാളെയും ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദേശമുണ്ട്. കാലവർഷക്കറ്റ് സജീവമാകുന്നതിനാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴ കിട്ടും എന്നാണ് കരുതുന്നത്. ഇക്കുറി കാലവര്‍ഷം നേരത്തെ കേരളത്തിലെത്തിയെങ്കിലും സംസ്ഥാന വ്യാപകമായി ശക്തമായ മഴ ഇതുവരെ ഉണ്ടായിട്ടില്ല.

അതേസമയം കേരളത്തിൽ ഇത്തവണ കാലവർഷം കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ പുറപ്പെടുവിച്ച അറിയിപ്പിൽ നിരീക്ഷിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മൺസൂൺ ( ജൂൺ – സെപ്റ്റംബർ ) പ്രവചന പ്രകാരം കേരളത്തിൽ ഇത്തവണ സാധാരണയിൽ കുറവ് മഴ ലഭിക്കാൻ സാധ്യത. ഇന്നലെ പുറത്തിറക്കിയ പ്രവചന പ്രകാരം ജൂൺ മാസത്തിലും കേരളത്തിൽ സാധാരണയിൽ കുറവ് ലഭിക്കാനുള്ള സൂചനയാണ് നൽകുന്നത്.