സ്മാർട്ട്‌ ഫോണുകൾ സ്മാർട്ട്‌ അല്ലാത്ത കാലം വരുന്നു; പകരക്കാരായി പല സംവിധാനങ്ങളെന്ന് നോക്കിയ മേധാവി

0
73

ന്യൂയോർക്ക്: സ്മാർട്ട്‌ഫോണുകളാണ് എല്ലാം എന്ന് കരുതുന്ന കാലം അതിവേഗം മാറുമെന്ന കൗതുകം പങ്കുവെച്ച് നോക്കിയ മേധാവി പെക്ക ലുൻഡ്മാർക്ക്. വരുന്ന ഒരു ദശകത്തിനുള്ളിൽ എല്ലാം മാറിമറിയുമെന്ന കൗതുകവും അതേസമയം ഞെട്ടിക്കുന്നതുമായ മാറ്റങ്ങളുമാണ് നോക്കിയ സിഇഒ പെക്ക ലുൻഡ്മാർക്ക് സൂചനയായി നൽകുന്നത്. 2030ൽ തന്നെ മികച്ച സാങ്കേതിക ഇടങ്ങളായി വീടുകളും ഓഫീസുകളും മാറുമെന്നും ഇവയെല്ലാം മനുഷ്യനുമായി നിരന്തരം സമ്പർക്കത്തിലായിരിക്കുമെന്നും പെക്ക പറയുന്നു.

ആഗോളതലത്തിൽ 5ജി എന്നതുപോലും അതിവേഗം മാറി 6ജിയിലേക്ക് കടക്കുന്നതോടെ സ്മാർട്ട്‌ഫോണുകൾക്ക് പകരം മറ്റ് പല സംവിധാനങ്ങളും നിത്യജീവിതത്തിന്റെ ഭാഗമാകുമെന്ന സത്യമാണ് പെക്ക വിശദീകരിക്കുന്നത്. നിലവിൽ തന്നെ പല സാങ്കേതിക സംവിധാനങ്ങളും മനുഷ്യന്റെ നിരവധി ജോലികൾ ഏറ്റെടുക്കുകയാണ്. സ്മാർട്ട് വാച്ചുകളും പേനകളും ഇലട്രോണിക് ഉപകരണങ്ങളും നിർമ്മിത ബുദ്ധികൊണ്ട് പ്രവർത്തിക്കുകയാണ്. ഓരോ ദിവസവും അതിന്റെ ബുദ്ധി എത്രകണ്ട് വർദ്ധിപ്പിക്കാമെന്നതിൽ ശാസ്ത്രലോകം വിജയിച്ചുകൊണ്ടേയിരിക്കുന്നുവെന്നും പിക്ക ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഫോണുകൾ ഒരാളെ കണ്ട് സംസാരിക്കാം ഇന്റർനെറ്റ് ഉപയോഗിക്കാം ആപ്പുകൾ പ്രവർത്തിക്കാം എന്നീ കാര്യങ്ങൾ കാര്യക്ഷമമായി ചെയ്യുകയാണ്. എന്നാൽ വാച്ചുകളും ഇതേ കാര്യം ചെയ്ത് തുടങ്ങിയിരിക്കുന്നു. പ്രത്യേക ചിപ്പുകൾ ഘടിപ്പിച്ച കണ്ണടകളും ലെൻസുകളും ഫോണിന്റെ ദൗത്യം ഏറ്റെടുക്കുകയാണ്. 5ജി അതിവേഗം നീങ്ങുന്നതിനൊപ്പം 6ജിയിലേക്ക് ശാസ്ത്രലോകം കടന്നുകഴിഞ്ഞു. ഇവ ഒപ്പം മുന്നേറുന്നതോടെ ചിപ്പുകൾ ഘടിപ്പിക്കുന്ന ഏതുപകരണങ്ങളുമായി മനുഷ്യശരീരവും ചിപ്പുകൾ ഘടിപ്പിച്ചാൽ ഒരേപോലെ പ്രവർത്തിക്കും. എല്ലാ സംവിധാനങ്ങളും പരസ്പ്പരം ബന്ധപ്പെടുന്ന തരത്തിലേക്കാണ് സാങ്കേതിക വിദ്യമാറുകയെന്നാണ് പെക്ക ലുൻഡ്മാർക്ക് പറയുന്നത്.

ഒരു മനുഷ്യന്റെ നിത്യജീവിതത്തിലെ സ്ഥിരമായ ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളെന്നത് അയാളുടെ വീടും ജോലിസ്ഥലവുമാണ്. ഇവിടെയെല്ലാം 6ജി സംവിധാന ങ്ങളുള്ള ഉപകരണങ്ങൾ നിറഞ്ഞാൽ നമ്മളൊന്നും പറയാതെ എല്ലാ ഉപകരണങ്ങളും നമ്മളുടെ സൂചനകളറിഞ്ഞ് സ്വയം പ്രവർത്തിച്ചു തുടങ്ങും. സ്ഥിരം ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വാഹനങ്ങൾ, ഓഫീസിലെ സുരക്ഷാ സംവിധാനങ്ങളെല്ലാം നമ്മളുടെ സാന്നിദ്ധ്യമറിഞ്ഞ് പ്രവർത്തിക്കുന്ന സംവിധാനം നിലവിൽ പലയിടത്തും പ്രാവർത്തികമായി തുടങ്ങി. സ്ഥിരം പോകുന്ന സുഹൃത്തുക്കളുടെ ഇടങ്ങൾ, ക്ലബ്ബുകൾ, കളിക്കളങ്ങൾ, സിനിമാ ശാലകൾ എല്ലാം ചിപ്പുകളുടെ അതിവേഗ സംവിധാനത്തിലൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കും. മനസ്സിനെ വായിച്ചെടുക്കുന്ന ബ്രെയിൻ മാപ്പിംഗ് സംവിധാനങ്ങൾ വരെ ഇനി അതിവേഗ ഇന്റർനെറ്റിലൂടെ ഒരു വ്യക്തിയുടെ പൂർണ്ണ നിയന്ത്രണം പോലും ഏറ്റെടുക്കുമെന്നും പെക്ക പറഞ്ഞുവയ്‌ക്കുന്നു. മനുഷ്യന്റെ രോഗാവസ്ഥ, മാനസികമായ അസന്തുലനം എല്ലാം തിരിച്ചറിഞ്ഞാൽ ഒരു വ്യക്തി അസ്വസ്ഥമാവുകയോ രോഗാവസ്ഥയിലേക്ക് വീഴുന്നതോ തടയാനാകുമെന്ന അത്ഭുതകരമായ അവസ്ഥയിലേക്കാണ് ഇനി മാറാൻ പോകുന്നതെന്നും പെക്ക പറയുന്നു.