നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഒപ്പമെന്ന് സംസ്ഥാന സര്‍ക്കാര്‍

0
88

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഒപ്പമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നടിയുടെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല. ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതയില്‍ സ്വീകരിച്ചിരിക്കുന്നത്.
കേസന്വേഷിക്കുന്ന സംഘത്തിനുള്ള അതേ പരാതികളാണ് നടിയുടെ ഭാഗത്തുനിന്ന് ഹൈക്കോടതിയില്‍ എത്തിയത്. കേസിന്റെ അന്വേഷണം കൃത്യമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തുനിന്ന് അനുകൂലമായ സമീപനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് നടി ഹൈക്കോടതയിലേക്കെത്തുന്ന സാഹചര്യമുണ്ടായത്. നടി പരാതി ഉന്നയിച്ചത് രാഷ്ട്രീയമായും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
ഈ ഒരു ഘട്ടത്തിലാണ് നടിക്കൊപ്പമാണെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നുമുള്ള നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരും പ്രോസിക്യൂഷനും എന്നും നിന്നിട്ടുള്ളത്. ആ വഴിക്കുതന്നെയാണ് അന്വേഷണം മുന്നോട്ട് പോയിട്ടുള്ളത്. അതില്‍ ഒരു വീഴ്ചയും സംഭവിച്ചിക്കില്ലെന്നും സര്‍ക്കാര്‍ കോടതിക്ക് ഉറപ്പു നല്‍കി. നടിയുടെ ആവശ്യങ്ങളില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നതിലും സര്‍ക്കാരിന് അനുകൂല നിലപാടാണ്.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് വിചാരണ കോടതിക്കെതിരേ ചില വിമര്‍ശനങ്ങളും നടി മുന്നോട്ടുവെച്ചിരുന്നു. ആ കാര്യങ്ങളിലും നടിക്കൊപ്പമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയുടെ കൈവശമിരിക്കുമ്പോഴാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടാകുന്നത്. 2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 18നും മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ടെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.
മെമ്മറി കാര്‍ഡ് തുറന്നതിനെ കുറിച്ച് നേരത്തെ പ്രോസിക്യൂഷന് അറിവുണ്ടായിരുന്നില്ലെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. പ്രോസിക്യൂഷന്റെ അറിവില്ലാതെയാണ് മെമ്മറി കാര്‍ഡ് തുറന്നത് എന്ന് സര്‍ക്കാര്‍ അറിയിക്കുമ്പോള്‍ കേസിന്റെ തുടരന്വേഷണത്തിലുള്‍പ്പെടെ അത് നിര്‍ണായകമായേക്കും.