മലയാളി ബോളിവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ വിയോഗത്തില്‍ അനുസ്മരിച്ച്‌ മോഹന്‍ലാല്‍

0
72

മലയാളി ബോളിവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ വിയോഗത്തില്‍ അനുസ്മരിച്ച്‌ മോഹന്‍ലാല്‍. കെ കെയുടെ വിയോഗത്തില്‍ അതീവ ദുഃഖമുണ്ടെന്നും ജീവതകാലം മുഴുവന്‍ മികച്ച ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ ശബ്ദം കാലങ്ങളോളം നിലനില്‍ക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ഗായകന്‍ കെ കെയുടെ വിയോഗവാര്‍ത്ത അറിഞ്ഞതില്‍ ദുഖമുണ്ട്. ജീവിതകാലം മുഴുവന്‍ മനോഹരമായ ഗാനങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. ഇനിയും പലര്‍ക്കും പ്രണയിക്കാനായി അദ്ദേഹത്തിന്റെ ശബ്ദം കാലങ്ങളോളം നിലനില്‍ക്കും. അദ്ദേഹത്തിന് നിത്യശാന്തി ഉണ്ടാകട്ടെ’- മോഹന്‍ലാല്‍ കുറിച്ചു

ഇന്നലെ കൊല്‍ക്കത്തയിലെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു കെ കെയുട അപ്രതീക്ഷിത മരണം. ഉടന്‍ തന്നെ കൊല്‍ക്കത്ത മെഡിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കെ കെയുടെ മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് കൊല്‍ക്കത്ത പൊലീസ് പറയുന്നു. കെ കെയുടെ മൃതദേഹം ഇന്ന് കൊല്‍ക്കത്തയിലെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.

മലയാളി ദമ്ബതികളായ സിഎസ് നായരുടേയും കനകവല്ലിയുടേയും മകനായി ഡല്‍ഹിയില്‍ ജനിച്ച കൃഷ്ണകുമാര്‍ കുന്നത്ത്, വളര്‍ന്നതും ന്യൂഡല്‍ഹിയില്‍ തന്നെയാണ്. 3500ഓളം ജിംഗിളുകള്‍ പാടിയ ശേഷമാണ് കെ കെ ബോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നെ ഭാഷകളിലെ സിനിമകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.