പ്രണയം വിമാനത്തോട് മാത്രം; ഒബ്ജക്ടോഫീലിയ; 23 കാരിയുടെ വിചിത്രപ്രണയകഥ കേട്ട് അമ്പരന്ന് സമൂഹമാദ്ധ്യമങ്ങൾ

0
67

ജീവിതത്തിൽ പ്രണയം തോന്നാത്ത മനുഷ്യർ ചുരുക്കമായിരിക്കും. ചില പ്രണയങ്ങൾ പാതിവഴിയിൽ മുറിയുമ്പോൾ മറ്റു ചിലത് ജീവിതാവസാനം വരെ കൂടെയുണ്ടാകും. വിചിത്രമായ പ്രണയകഥകൾ കേൾക്കുന്ന സമയമാണിത്. അത്തരത്തിലൊരു വിചിത്രമായ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. ജർമ്മനിക്കാരിയായ സാറാ റോഡോ ആണ് കഥയിലെ നായിക. 23 കാരിയായ സാറയ്‌ക്ക് നിർജ്ജീവ വസ്തുക്കളോടാണ് പ്രണയം തോന്നുന്നതത്രേ. ബോയിംഗ് 737 എന്ന വിമാനത്തോടാണ് സാറയ്‌ക്കിപ്പോൾ അടങ്ങാത്ത പ്രണയം. വിമാനമാണ് തന്റെ കാമുകനെന്നും വിമാനത്തെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണെന്നുമാണ് സാറ പറയുന്നത്.

മുൻപ് മനുഷ്യരുമായി സാറ പ്രണയത്തിലായിരുന്നുവെങ്കിലും തനിക്ക് അത് ശരിയായി തോന്നിയിട്ടില്ലെന്നും വിമാനവുമായുള്ള പ്രണയമാണ് തന്നെ പൂർണതയിലെത്തിച്ചതെന്നും സാറ പറയുന്നു. ബോയിംഗ് 737 വിമാനത്തിന്റെ ചെറുമോഡൽ സാറ എപ്പോഴും കൂടെകൊണ്ട് നടക്കാറുണ്ട് ഉണ്ണുമ്പോഴും ഉടുക്കുമ്പോഴും എന്തിനേറെ പറയുന്നു ഉറങ്ങുന്നത് പോലും വിമാനത്തോടൊപ്പമാണ്. കാമുകനോടുള്ള തന്റെ സ്‌നേഹം തെളിയിക്കാൻ ടാറ്റു വരെ കുത്തിയിട്ടുണ്ട് സാറ. ഡിക്കി എന്നാണ് സാറ വിമാനത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്.

വിമാനത്തിന്റെ ചിറകുകളും മുൻഭാഗവും വളരെ ആകർഷകമാണെന്നാണ് സാറയുടെ അഭിപ്രായം. ഒബ്ജക്ടോഫീലിയാണ് തനിക്കെന്ന് വ്യക്തമായ ധാരണയുണ്ടെന്നും എന്നാൽ വിമാനത്തോടുള്ള പ്രണയത്തിൽ നിന്ന് പിൻമാറാൻ ഉദ്ദേശമില്ലെന്നും യുവതി കൂട്ടിച്ചേർത്തു. വിമാനത്തോടുള്ള പ്രണയം കാരണം നിരവധി തവണ യുവതി വിമാനയാത്രകൾ ചെയ്തിട്ടുണ്ട് . ജർമനിയിൽ ഇത്തരം വിവാഹങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവർക്ക് ഭ്രാന്തെന്ന് തോന്നുന്ന ഈ ബന്ധവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് യുവതി പറഞ്ഞു.