കെ കെയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ മുംബൈയില്‍; ദുരൂഹത തള്ളി പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

0
89

കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് ഗായകന്‍ കെ കെയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ മുംബൈ മുംബൈ മുക്തിദാന്‍ ശ്മശാനത്തില്‍ നടക്കും. മൃതദേഹം ഇന്ന് രാത്രി ഏഴേ മുക്കാലോടെ മുംബൈയിലെത്തിക്കും. അതേസമയം കെ കെയുടെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാദങ്ങള്‍ തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം കണ്ടെത്തലുകള്‍.
കെകെയുടെ അസ്വഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തിരുന്നു. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിൽ സംഗീത പരിപാടിയ്ക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാൻഡ് ഹോട്ടലിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ കെകെയുടെ മരണത്തിൽ സംഗീത പരിപാടി സംഘടിപ്പിച്ചവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പരിപാടി കാണാനുള്ള ആളുകളുടെ തിരക്ക് വർദ്ധിച്ചപ്പോൾ ഒരു ജീവനക്കാരൻ ഫയർ എക്‌സറ്റിൻഗ്യൂഷണർ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കൂടുതലായി ആളുകൾ ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് അഗ്നിശമനയന്ത്രം ജീവനക്കാരൻ പ്രയോഗിച്ചത്. പിന്നാലെ ആളുകൾ ചിതറി ഓടുന്നത് വീഡിയോയിൽ കാണാം.