ഗുരുവായൂരിൽ ഒന്നരക്കോടി രൂപയുടെ സ്വർണം മോഷ്ടിച്ച സംഭവം; സഹോദരങ്ങളായ രാജയും ഛിന്നരാജയും അറസ്റ്റിൽ

0
79

തൃശൂർ: ഗുരുവായൂരിലെ സ്വർണക്കവർച്ചാക്കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശികളായ ഛിന്നരാജ, രാജ എന്നിവരാണ് അറസ്റ്റിലായത്. ഗുരുവായൂർ കോട്ടപ്പടി സ്വദേശിയും സ്വർണവ്യാപാരിയുമായ ബാലന്റെ വീട്ടിൽ മെയ് ആദ്യവാരമായിരുന്നു കവർച്ച നടന്നത്. മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും മോഷണം പോയിരുന്നു.

വൈകിട്ട് പുറത്തുപോയ സമയത്തായിരുന്നു വീട്ടിൽ മോഷണം നടന്നത്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണമായിരുന്നു നഷ്ടപ്പെട്ടതെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതി ധർമ്മരാജൻ പിടിയിലായി. ധർമ്മരാജന്റെ സഹോദരങ്ങളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ധർമ്മരാജൻ മോഷ്ടിച്ച സ്വർണം സഹോദരങ്ങളായ ഛിന്നരാജയും രാജയും വിൽക്കാൻ സഹായിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

തുടർന്നാണ് ഇരുവരും അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും ഇയാൾക്ക് വേണ്ടി തിരച്ചിലിലാണെന്നും പോലീസ് പറഞ്ഞു. പിടിയിലായ ഛിന്നരാജ നേരത്തെ ടാക്‌സി ഡ്രൈവറെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. പെരുമ്പാവൂരിലായിരുന്നു സംഭവം നടന്നത്. കൂടാതെ പെരിന്തൽമണ്ണയിൽ ഒരു മോഷണം നടന്നതിലും പ്രതിയാണ്.