‘ഡൂംസ്‌ക്രോളിങ്’ ; സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാക്കി ശശി തരൂരിന്റെ പുതിയ വാക്ക്

0
101

പലപ്പോഴും പലരും ആദ്യമായി കേൾക്കുന്ന ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന വ്യക്തിയാണ് ശശി തരൂര്‍ എംപി. ഇപ്പോഴിതാ, തരൂര്‍ എംപി ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയ പുതിയ ഇംഗ്ലീഷ് വാക്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു. കാലഘട്ടത്തിന്റെ വാക്ക് എന്ന വിശേഷണവുമായി ഡൂംസ്‌ക്രോളിങ് എന്ന പ്രയോഗമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവച്ചത്.
മോശമായ വാര്‍ത്തകള്‍ കണ്ടെത്തി വായിക്കുന്നത് എന്നതാണ് ഡൂംസ്‌ക്രോളിങിന്റെ അര്‍ത്ഥമെന്നും തരൂര്‍ തന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ‘കാലഘട്ടത്തിന്റെ വാക്ക്! നെഗറ്റീവ് ആയിട്ടുള്ള വാര്‍ത്തകള്‍ രാഷ്ട്രീയമായി മാത്രമല്ല മാനസികമായും ദോഷഫലങ്ങള്‍ സൃഷ്ടിക്കും’ തരൂര്‍ ട്വിറ്ററില്‍ എഴുതി.
ഇതോടൊപ്പം തന്നെ ‘ഡൂംസ്‌ക്രോളിങ്’ എന്ന വാക്കിന്റെ അര്‍ത്ഥവും ഉച്ചാരണവുമടങ്ങിയ ചിത്രവും തരൂര്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ തരൂര്‍ ഇന്ത്യൻ റെയില്‍വേയെ കളിയാക്കിക്കൊണ്ട് ട്വിറ്ററില്‍ പങ്കുവച്ച ‘ക്വൊമെഡോകൊണ്‍ക്വിസ്’ എന്ന വാക്കും ഈയിടെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഈ വാക്കിന്റെ അര്‍ത്ഥം ഏത് വിധേനെയും പണം സമ്പാദിക്കുക എന്നതാണ്. ‘സീനിയര്‍സിറ്റിസണ്‍സ് കണ്‍സഷന്‍സ്’ എന്ന ഹാഷ്ടാഗോടെ റെയില്‍വേയെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.