ലഖിംപുര്‍ഖേരി കൂട്ടക്കൊലക്കേസിലെ സാക്ഷിക്ക് നേരെ വധശ്രമം

0
96

ലഖ്‌നൗ: ലഖിംപുര്‍ഖേരി കൂട്ടക്കൊലക്കേസിലെ സാക്ഷിക്ക് നേരെ വധശ്രമം. ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) ജില്ലാ പ്രസിഡന്റ് ദില്‍ബാഗ് സിങ്ങിന് നേരെയാണ് രണ്ടുപേര്‍ വെടിയുതിര്‍ത്തത്. അദ്ദേഹം സഞ്ചരിച്ച വാഹനത്തിന്റെ ടയറില്‍ വെടിവെച്ച് നിര്‍ത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് ദില്‍ബാഗ് സിങ്ങിന് നേരെ ആക്രമണമുണ്ടായത്. അലിഗഞ്ച് മുണ്ടാ റോഡില്‍ വെച്ചായിരുന്നു ആക്രമണം. വാഹനത്തിന്റെ ചില്ലുകള്‍ തല്ലിപൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് വെടിയുതിര്‍ത്തത്. ഡ്രൈവറുടെ സീറ്റിന് പിന്നിലായി കുനിഞ്ഞ് ഇരുന്നതുകൊണ്ടാണ് വെടികൊള്ളാതെ രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ലഖിംപുര്‍ കേസിലെ പ്രധാന സാക്ഷിയാണ് ദില്‍ബാഗ് സിങ്. കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറന്‍സിക് പരിശോധനയും നടക്കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയായ കേസാണ് ലഖിംപുര്‍ കൂട്ടക്കൊല കേസ്. 2021 ഒക്ടോബറിലായിരുന്നു കൂട്ടക്കൊല നടന്നത്.