ഭൂമിയ്‌ക്കപ്പുറമുള്ള ലോകത്തെക്കുറിച്ചറിയാനുള്ള മനുഷ്യന്റെ കൗതുകം ഓരോ ദിവസവും കഴിയുമ്പോഴും വർദ്ധിക്കുകയാണ്. നീലഗ്രഹത്തിൽ മാത്രമാണോ ജീവന്റെ തുടിപ്പുള്ളത്? അതോ അനേകായിരം പ്രകാശവർഷങ്ങൾ അകലെ മറ്റേതെങ്കിലും കോണിൽ ജീവനുണ്ടാവുമോ എന്നതൊക്കെയാണ് മനുഷ്യന് പ്രധാനമായും അറിയേണ്ടത്. അഥവാ ജീവനുണ്ടെങ്കിൽ തന്നെ അവയുടെ രൂപം മനുഷ്യനെ പോലെ ആയിരിക്കില്ലെന്നാണ് അനുമാനം. ഉരുണ്ട കണ്ണുകളും നീണ്ട തലയുമൊക്കെയുള്ള ഒരു രൂപം നാം ഭാവനയിൽ അത്തരം അന്യഗ്രഹജീവികൾക്ക് നൽകിയും കഴിഞ്ഞു. ഇവയെ കണ്ടെത്താനായി ബഹിരാകാശത്തേയ്‌ക്ക് സന്ദേശങ്ങൾ അയക്കാനും അന്യഗ്രഹ ജീവികളെ ആകർഷിക്കാനായി മനുഷ്യരുടെ നഗ്നചിത്രങ്ങൾ അയക്കാൻ വരെ മനുഷ്യൻ മടിച്ചില്ല. എന്നാലിപ്പോൾ അന്യഗ്രഹജീവികളെ കാത്തിരിക്കുന്ന ആളുകളെ ഞെട്ടിയ്‌ക്കുന്ന ഒരു വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. നമ്മുടെ ഭൂമിയെ ലക്ഷ്യമാക്കി നാല് അന്യഗ്രഹജീവി സമൂഹങ്ങൾ വരുന്നുണ്ടെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്.
നമ്മുടെ ആകാശഗംഗയിൽ ഭൂമിയെ ആക്രമിക്കാൻ സാധ്യതയുള്ള നാലോളം അന്യഗ്രഹജീവി സമൂഹമുണ്ടെന്നും അവ ഭൂമിയെ ആക്രമിച്ച് അധീനതയിലാക്കുമെന്നുമാണ് ഒരു ഗവേകഷക വിദ്യാർത്ഥി തന്റെ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്. സ്‌പെയിനിലെ വിഗോ സർവ്വകലാശാലയിലെ പിഎച്ചഡി വിദ്യാർത്ഥി ആൽബെർട്ടോ കബല്ലെറോയാണ് ഈ വാദം ഉന്നയിക്കുന്നത്. 1977 ൽ ഭൂമിയ്‌ക്ക് പുറത്തുനിന്ന് ഒരു റോഡിയോ സന്ദേശം നമുക്ക് ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒഹിയോ സ്റ്റേറ്റ് സർവകലാശാലയിലെ ബിഗ് ഇയർ ടെലിസ്‌കോപ്പിലാണ് ഈ സന്ദേശം ലഭിച്ചത്. ഒരു മിനിറ്റും 12 സെക്കൻഡും ദൈർഘ്യമുണ്ടായിരുന്ന ഈ റേഡിയോ സന്ദേശത്തിൽ ഒരു ആൽഫാ ന്യൂമെറിക് കോഡ് അടങ്ങിയിരിക്കുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. വൗവ് സിഗ്‌നൽ എന്നാണ് അതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്. ഭൂമിയ്‌ക്ക് പുറത്തുള്ള അന്യഗ്രഹജീവികളാവും ഇത് അയച്ചതെന്നാണ് ശാസ്ത്രലോകവും വിശ്വസിക്കുന്നത്.
ഇതിന്റെ ഉറവിടം കണ്ടെത്താൻ ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി പരിശ്രമിക്കുകയാണ്. എന്നാൽ ഈ സന്ദേശത്തിന്റെ ഉറവിടവും താൻ കണ്ടെത്തിയതായി ആൽബെർട്ടോ അവകാശപ്പെടുന്നു. ഇത് ഭൂമിയിൽ നിന്ന് 1,800 പ്രകാശവർഷം അകലെയുള്ള സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്നാണ് ആൽബെർട്ടോയുടെ അവകാശവാദം. കൂടാതെ അന്യഗ്രഹജീവികളെ കണ്ടെത്തുന്നതിനായി ബഹിരാകാശത്തേക്ക് ശബ്ദസന്ദേശം അയക്കുന്നത് അപകടങ്ങൾ ക്ഷണിച്ച് വരുത്തുമെന്നും ഈ ഗവേഷക വിദ്യാർത്ഥി മുന്നറിയിപ്പ് നൽകുന്നു. ഒരു ഛിന്നഗ്രഹം ഭൂമിയിൽ ഇടിയ്‌ക്കുമ്പോൾ എത്രത്തോളം മനുഷ്യ ജീവനുകൾ ഇവിടെ നിന്ന് തുടച്ചുനീക്കപ്പെടുന്നുവോ അത്രയും തന്നെ മനുഷ്യർ അന്യഗ്രഹജീവികളുടെ ആക്രമണത്താൽ കൊല്ലപ്പെടുമെന്നും പഠനത്തിൽ പറയുന്നു.ഏകദേശം 10 ദശലക്ഷം വർഷത്തിനുള്ളിൽ മാത്രമേ ഇത്തരമൊരു സംഭവം നടക്കാൻ സാധ്യതയുള്ളു എന്നും അതിനാൽ തന്നെ ഇപ്പോഴുള്ള മനുഷ്യർ സുരക്ഷിതരായിരിക്കുമെന്നും ആൽബെർട്ടോ പറയുന്നു.ഇത്തരം വാദങ്ങൾ അൽബെർട്ടോ ഉയർത്തിയിട്ടുണ്ടെങ്കിലും ശാസ്ത്രജ്ഞമാർ ആരും ഇയാളുടെ പഠനങ്ങൾ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.