ചെന്നൈ: പ്രണയം നിരസിച്ചതിന് 22 കാരൻ 16 കാരിയെ അതിക്രൂരമായി ആക്രമിച്ചു. 14 തവണയാണ് ഇയാൾ പെൺകുട്ടിയെ കുത്തിയത്. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ട്രിച്ചിയിലെ അതികുളം സ്വദേശിനിയായ പെൺകുട്ടി പ്ലസ് വണ്ണിൽ പഠിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് ബന്ധുവിനെ കാണാൻ പോകുകയായിരുന്ന പെൺകുട്ടിയെ റെയിൽവേ മേൽപ്പാലത്തിന് സമീപം പ്രതി കേശവൻ തടഞ്ഞുവച്ചു.
2021 ജൂണിൽ ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേശവനെ നേരത്തെ തന്നെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. അടുത്തിടെയാണ് ഇയാൾ ജയിൽ മോചിതനായത്.
ആക്രമണം നടന്ന ദിവസം കേശവൻ പ്രണയം പെൺകുട്ടിയോട് പറഞ്ഞു. എന്നാ? പെൺകുട്ടി ഇത് വിസമ്മതിച്ചപ്പോൾ സഹായത്തിനായി നിലവിളിക്കാൻ പോലും ഇടകൊടുക്കാതെ കേശവൻ 14 തവണ അവളെ കുത്തി. തുടർന്ന് കത്തി കൃത്യം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു. പെൺകുട്ടി താഴെ വീഴുന്നത് കണ്ട യാത്രക്കാർ അവളുടെ ശരീരത്തിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവൾ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയിലാണെന്നുമാണ് റിപ്പോർട്ട്.
അതേസമയം പ്രതിയായ കേശവനെ പൊലീസ് തിരയുന്നതിനിടയിൽ ഇയാളുടെ മൃതദേഹം റെയിൽവെ ട്രാക്കിൽ കണ്ടെത്തി. മണപ്പാറയ്ക്ക് സമീപം റെയിൽവേ ട്രാക്കിൽ മൃതദേഹം കിടക്കുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്ത പൊലീസ് കേശവന്റെ പിതാവിനെ കൊണ്ടുവന്ന് മൃതദേഹം തിരിച്ചറിഞ്ഞു