ഗര്‍ഭിണി ആയിരിക്കെ തന്നെ വീണ്ടും ഗര്‍ഭം; ഇരട്ടകള്‍ക്ക് ജന്മം നല്‍കി യുവതി

0
57

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രശ്നങ്ങളും ഉയരാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കുറിച്ച് മിക്കവരിലും അവബോധമുണ്ടാകാം. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നൊരു പ്രതിഭാസത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഗര്‍ഭിണി ആയിരിക്കെ തന്നെ വീണ്ടും ഗര്‍ഭം ധരിക്കുന്ന അവസ്ഥ. ഒരുപക്ഷെ മുമ്പൊരിക്കലും നിങ്ങള്‍ കേട്ടിട്ടില്ലാത്തതാകാം ഇങ്ങനെയൊരു സംഭവം. അതുകൊണ്ടാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് നേരത്തെ പറഞ്ഞത്.

യുഎസിലെ ടെക്സാസ് സ്വദേശിയായ കെയ്ര വിന്‍ഹോല്‍ഡ് എന്ന മുപ്പതുകാരിയായ യുവതിയാണ് ഈ സവിശേഷമായ ഘട്ടത്തിലൂടെ കടന്നുപോയിരിക്കുന്നത്. 2018ല്‍ ഇവര്‍ക്ക് ആദ്യമായി ഒരു ആണ്‍കുഞ്ഞ് പിറന്നു. ഇതിന് ശേഷം മൂന്ന് തവണ ഗര്‍ഭിണി ആയെങ്കിലും അത് അബോര്‍ഷനായിപ്പോവുകയായിരുന്നു. മൂന്നാമത്തെ അബോര്‍ഷന്‍ കെയ്രയുടെ ആരോഗ്യസ്ഥിതി വഷളാക്കുകയും ചെയ്തിരുന്നു. എങ്കിലും ഇനിയും കുട്ടികള്‍ വേണമെന്ന ആഗ്രഹത്താല്‍ ഇവര്‍ ഗര്‍ഭധാരണത്തിന് ഒരുങ്ങുകയായിരുന്നു. അങ്ങനെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഈ കുഞ്ഞിനെ ഗര്‍ഭാവസ്ഥയിലിരിക്കെ തന്നെ ഇവര്‍ വീണ്ടും ഗര്‍ഭിണി ആവുകയായിരുന്നു. ‘ഞാന്‍ ഡോക്ടറോട് ചോദിച്ചു ഇതെന്താണ് ഇങ്ങനെ എന്ന്. ആദ്യമൊന്നും ഡോക്ടര്‍ക്കും ഉത്തരം തരാന്‍ സാധിച്ചില്ല. പിന്നീട് അദ്ദേഹം എനിക്ക് വിശദീകരിച്ചുതന്നു. ആഴ്ചകളുടെയോ ദിവസങ്ങളുടെയോ വ്യത്യാസത്തില്‍ രണ്ട് തവണകളിലായി അണ്ഡോല്‍പാദനം നടക്കാം. ഈ രണ്ട് തവണയും അണ്ഡം ബീജവുമായി സംയോജിച്ച് ഭ്രൂണവും ഉണ്ടാകാം. എനിക്ക് സംഭവിച്ചതും അതുതന്നെ. എന്‍റെ കേസില്‍ ഒരാഴ്ചത്തെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്’… കെയ്ര പറയുന്നു.

ഗര്‍ഭിണി ആയ ശേഷം ഒരു മാസം കഴിഞ്ഞാണ് കെയ്ര വീണ്ടും ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ആദ്യം കേട്ടപ്പോള്‍ താനും ഭര്‍ത്താവും പേടിച്ചുവെന്നും പിന്നീട് കൗണ്‍സിലിംഗ് അടക്കമുള്ള കാര്യങ്ങള്‍ നല്ലരീതിയില്‍ സ്വാധീനിച്ചുവെന്നും ഇവര്‍ പറയുന്നു. എന്തായാലും കാര്യമായ സങ്കീര്‍ണതകളൊന്നും കൂടാതെ ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ ജന്മം നല്‍കി. കുഞ്ഞുങ്ങളും കെയ്രയും നിലവില്‍ സുഖമായിരിക്കുന്നുവെന്നും വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ പറയുന്നു.