മൂത്രമൊഴിക്കാനായി കണ്ടക്ടർ ഇറങ്ങിയപ്പോൾ യാത്രക്കാരന്‍ ബെല്ലടിച്ചു; കണ്ടക്ടറില്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്റര്‍

0
117

കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയ സമയം നോക്കി യാത്രക്കാരന്‍ ബെല്ലടിച്ചു. കണ്ടക്ടർ കയറാത്ത കാര്യം അറിയാതെ ഡ്രൈവര്‍ മാത്രമായി കെഎസ്ആര്‍ടിസി ബസ് ഓടിയത് 18 കിലോമീറ്റര്‍. ഇന്നലെ രാവിലെ തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തിനുപോയ കെഎസ്ആര്‍ടിസി ബസാണ് കണ്ടക്ടറില്ലാതെ ഓടിയത്.
ബസ് കൊട്ടാരക്കരയിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മൂത്രമൊഴിക്കാന്‍ വേണ്ടി ഇറങ്ങിയിരുന്നു. ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാരിലാരോ ഡബിള്‍ ബെല്ലടിച്ചു. അതോടെ ഡ്രൈവര്‍ ബസെടുത്ത് സ്റ്റാന്‍ഡ് വിട്ടു. കണ്ടക്ടര്‍ ആവശ്യം കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് ബസ് സ്റ്റാൻഡിൽ നിന്നും വിട്ടുപോയെന്നറിയുന്നത്.
ഇതിനെ തുടർന്ന് കൊട്ടാരക്കര ഡിപ്പോയില്‍നിന്ന് വിവരം അടൂര്‍ ഡിപ്പോയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ പിടിച്ചിട്ടു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കണ്ടക്ടര്‍ മറ്റൊരു ബസിലാണ് അടൂരിലെത്തിയത്.