സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 85 ശതമാനത്തിലധികം വേനല്‍ മഴ

0
120

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ലഭിച്ചത് 85 ശതമാനത്തിലധികം വേനല്‍ മഴ. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള വേനല്‍ മഴക്കാലം അവസാനിച്ചപ്പോഴാണ് സംസ്ഥാനത്ത് 85 ശതമാനത്തിലധികം മഴ ലഭിച്ചത്. സാധാരണ ഈ കാലയളവില്‍ 361.5 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 668.5 മില്ലിമീറ്റര്‍ മഴയാണ്. കഴിഞ്ഞ വര്‍ഷം 108 ശതമാനം (751 മില്ലിമീറ്റര്‍) കൂടുതലായിരുന്നു.
എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. 92 ദിവസം നീണ്ട സീസണില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. 1007.6 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. 971.6 മില്ലിമീറ്റര്‍ മഴ ലഭിച്ച കോട്ടയവും 944.5 മില്ലിമീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ടയുമാണ് തൊട്ടുപിറകില്‍. പാലക്കാട് (396.8 മില്ലീമീറ്റര്‍), കാസര്‍ഗോഡ് (473 മില്ലീമീറ്റര്‍) എന്നീ ജില്ലകളിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്.
അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ചൊവ്വാഴ്ച മഞ്ഞ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വ, ബുധൻ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.