രോഗി അരമണിക്കൂറോളം ആശുപത്രിയിലെ ലിഫ്റ്റില്‍ കുടുങ്ങി; സാഹസികമായി രക്ഷിച്ച് അഗ്നിശമന സേന

0
199

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ സ്വകാര്യ കണ്ണ് ആശുപത്രിയുടെ ലിഫ്റ്റിൽ രോഗി കുടുങ്ങി. ചിറ്റാർ സ്വദേശി മറിയാമ്മ തോമസാണ് അര മണിക്കൂറോളം ലിഫ്റ്റിനുള്ളിൽ തല കീഴായി കുടുങ്ങി കിടന്നത്. ലിഫ്റ്റിന്‍റെ സെൻസറിങ്ങിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണെമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ പത്തരയോടെയാണ് ചിറ്റാറിൽ നിന്നും മറിയാമ്മ തോമസ് പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് ജംഗഷനിലെ സബിത കണ്ണ് ആശുപത്രിയിലെത്തിയത്.

ഒരു മണിയോടെ മൂന്നാം നിലയിലെ ഡോക്ടറെ കണ്ട ശേഷം ആശുപത്രി ജീവനക്കാരിക്കൊപ്പം ലിഫ്റ്റിൽ താഴത്തെ നിലയിലേക്ക് എത്തി. ലിഫ്റ്റ് ഒന്നാം നിലയിലെത്തിയപ്പോഴാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന ജീവനക്കാരിയുടെ കൈപിടിച്ച് പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ ഒരു കാല് ലിഫ്റ്റിന്‍റെ ഇടയിൽ കുടുങ്ങി. ഈ സമയം ലിഫ്റ്റ് മുളിലേക്ക് ഉയർന്നു. മറിയാമ്മ തോമസ് തലകീഴായി മറിഞ്ഞു.

അകത്തുണ്ടായിരുന്ന ജീവനക്കാരി ബഹളം വച്ചതോടെ ആശുപത്രിയിലുണ്ടായിരുന്ന കോന്നി സ്വദേശിയായ ഓട്ടോ ഡ്രൈവർ മറിയാമ്മയുടെ തല ഉയത്തിപിടിച്ചു. ഇതാണ് വലിയ അപകടം ഒഴിവാകാൻ കാരണം. അഗ്നിശമന സേന ഉദ്യോഗസ്ഥർ എത്തി ലിഫ്റ്റിന്‍റെ വൈദ്യുതി ബന്ധം വേർപ്പെടുത്തി വാതിലുകൾ പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. ഇരുപത് മിനുറ്റോളം പണിപ്പെട്ടാണ് അഗ്നിശമന സേന ഉദ്യോഗസ്ഥർ മറിയാമ്മയെ പുറത്തെടുത്തത്. അറപത്തിയഞ്ചുകാരി മറിയാമ്മയക്ക് നേരത്തെ തന്നെ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. നിലവിൽ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരം.