ആലുവ: സ്വവര്‍ഗാനുരാഗികളായ പെണ്കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. കാമുകിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്രിന്‍റെ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ബന്ധുക്കള്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയ താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറയെയാണ് ആദില നസ്രിനോടൊപ്പം പോകാന്‍ കോടതി അനുവദിച്ചത്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിന് വിലക്കില്ലെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ വ്യക്തമാക്കി. ആദില നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി.
തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയെന്നും കാണാതായെന്നും ആദില പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് നൂറയെ കാണാനില്ലെന്ന് കാണിച്ച് ഫാത്തിമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.
രാവിലെ തന്നെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പെണ്‍കുട്ടിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കാന്‍ ബിനാനിപുരം പൊലീസിനോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് പെണ്കുട്ടിയുമായി കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു. അവര്‍ ചേംബറില്‍ സംസാരിക്കുകയും ഇരുവരെയും ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയായതിനാല്‍ അവരുടെ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരോടും പറഞ്ഞു.