മരിച്ച ആരാധകന്റെ കുടുംബത്തിന് സൂര്യയുടെ കൈതാങ്

0
184

തമിഴ്നാട്ടിലും കേരളത്തിലുമായി വൻ ആരാധകവൃന്ദമുള്ള താരമാണ് സൂര്യ. നടിപ്പിൻ നായകൻ എന്നാണ് ആരാധകർക്കിടയിൽ അദ്ദേഹം അറിയപ്പെടുന്നത്. തന്റെ ആരാധകരോട് സൂപ്പർതാരത്തിനുള്ള സ്നേഹവും കരുതലും എത്രമാത്രമാണെന്ന് തെളിയിക്കുന്ന ഒരു സംഭവം ഈയിടെ നടന്നു. ഒരപകടത്തിൽ ജീവൻ നഷ്ടമായ ആരാധകന്റെ വീട്ടിലേക്ക് സൂര്യ എത്തിയതാണ് പുതിയ ചർച്ചകൾക്ക് അടിസ്ഥാനം.
തമിഴ്നാട്ടിലെ നാമക്കൽ സ്വദേശിയായ ജ​ഗദീഷ് എന്ന ആരാധകൻ വാഹനാപകടത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. നാമക്കലിലെ സൂര്യ ഫാൻസ് സെക്രട്ടറി കൂടിയായിരുന്നു ഇരുപത്തേഴുകാരനായ ജ​ഗദീഷ്. വിവരമറിഞ്ഞ് ജ​ഗദീഷിന്റെ നാമക്കലിലെ വീട്ടിലെത്തിയ സൂര്യ ആരാധകന് ആദരാഞ്ജലികളർപ്പിച്ചു.
ജ​ഗദീഷിന്റെ ഭാര്യയ്ക്ക് ഒരു ജോലിക്കായി ശ്രമിക്കുമെന്നും മകളുടെ ഭാവിയിലെ പഠനച്ചെലവുകൾ വഹിക്കുമെന്നും സൂര്യ വാ​ഗ്ദാനം ചെയ്തു. ഏകദേശം അരമണിക്കൂർ ആരാധകന്റെ വീട്ടിൽ ചെലവഴിച്ചശേഷമാണ് താരം മടങ്ങിയത്. ആരാധകന്റെ വീട്ടിൽ നടനെത്തിയ ചിത്രങ്ങൾ സൂര്യ ആരാധകരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിക്കുന്നുണ്ട്.
ജൂൺ മൂന്നിന് തിയേറ്ററുകളിലെത്തുന്ന കമൽ ഹാസന്റെ വിക്രമാണ് സൂര്യയുടേതായി ഇനി വരാനുള്ള ചിത്രം. വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവാസൽ, ബാല സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം എന്നിവ പിന്നാലെയെത്തും. പാണ്ഡ്യരാജ് സംവിധാനം ചെയ്ത എതർക്കും തുനിന്തവൻ ആണ് സൂര്യയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്.