മുടി മുറിച്ചത് രഹസ്യമാക്കാൻ ഏഴാം ക്ലാസുകാരിയുടെ ‘ഭീകര കെട്ടുകഥ’

0
80

ചാലക്കുടി: വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് രഹസ്യമായി കൂട്ടുകാരിയെക്കൊണ്ട് തലമുടി മുറിപ്പിച്ച 13കാരി മണിക്കൂറുകളോളം പൊലീസിനെ നെട്ടോട്ടമോടിച്ചു. കാറിലെത്തിയ രണ്ടുപേർ തന്നെ മർദ്ദിക്കുകയും മുടി മുറിച്ചെടുക്കുകയും ചെയ്തുവെന്ന ഏഴാം ക്ലാസുകാരിയുടെ വാക്കുകളാണ് മേലൂർ കുവ്വക്കാട്ടുകുന്ന് ഗ്രാമത്തെ ആദ്യം പരിഭ്രാന്തിയിലാക്കിയത്.

100 മീറ്റർ അകലെയുള്ള കൂട്ടുകാരിയുടെ വീട്ടിൽ നിന്നു സൈക്കിളിൽ മടങ്ങുമ്പോൾ സ്ത്രീ അടക്കമുള്ള രണ്ടംഗ സംഘം കാറിൽ വന്നിറങ്ങി മർദ്ദിച്ചശേഷം മുടിമുറിച്ചു കളഞ്ഞുവെന്നാണ് കുട്ടി നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. കാറിൽ നിന്ന് ആദ്യം ഇറങ്ങിയ സ്ത്രീ വായ മൂടിക്കെട്ടാൻ ശ്രമിച്ചു, പിന്നീട് മുഖത്ത് അടിക്കുകയും ഒപ്പമുണ്ടായിരുന്നയാൾ കത്രിക ഉപയോഗിച്ച് മുടി മുറിക്കുകയും ചെയ്തുവെന്നായിരുന്നു കുട്ടി പറഞ്ഞത്.

വിവരം അറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.വൈദ്യപരിശോധനയിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് വിശദമായി കാര്യങ്ങൾ തിരക്കിയപ്പോഴാണ് ‘ഭീകരകുട്ടിക്കഥ’ പൊളിഞ്ഞത്. മുടിമുറിച്ച കൂട്ടുകാരി ആദ്യം വിവരം പൊലീസിൽ നിന്നു മറച്ചുവച്ചു. പിന്നീടാണ് സത്യം വെളിപ്പെടുത്തിയത്. കൂടുതലായി ഉണ്ടായിരുന്ന മുടി കുട്ടിയുടെ നിർബന്ധത്തിന് വഴങ്ങി നേരത്തെ മുറിച്ചുകളഞ്ഞിരുന്നു. വീണ്ടും മുറിക്കുന്നതിന് വീട്ടുകാർ സമ്മതിക്കില്ലെന്ന ബോദ്ധ്യത്തിലാണ് കൂട്ടുകാരിയെക്കൊണ്ട് മുടി മുറിപ്പിച്ചതത്രെ. ഇത്തരത്തിൽ ഒരു കാർ ഇതുവഴി പോയിട്ടില്ലെന്ന് ഉറപ്പാക്കിയ പൊലീസ്, നടത്തിയ രഹസ്യനീക്കമാണ് യാഥാർത്ഥ്യം പുറത്തെത്തിച്ചത്. സി.ഐ ബി.കെ. അരുൺ അന്വേഷണത്തിന് നേതൃത്വം നൽകി.