തൃക്കാക്കര മണ്ഡലം വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി

0
84

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. അതീവ സുരക്ഷയാണ് തൃക്കാക്കരയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്. 1,96,805 വോട്ടര്‍മാര്‍ വിധിയെഴുതുന്ന തൃക്കാക്കര മണ്ഡലത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.

ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ഭാര്യ ദയാ പാസ്‌കലും വോട്ട് രേഖപ്പെടുത്തുന്നതിനായി പടമുകള്‍ ഗവ.യുപി സ്‌കൂളിലെ 140 ആം നമ്പര്‍ ബൂത്തിലെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ വോട്ടില്ല. പള്ളിയിലും അമ്പലത്തിലും എത്തി പ്രാര്‍ത്ഥിച്ചതിനുശേഷം ഉമ തോമസ് വീട്ടിലെത്തി ശേഷം അടുത്തുള്ള പോളിങ് ബൂത്തിലേക്ക് എത്തി വോട്ടുചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ശരാശരി പോളിങ് രേഖപ്പെടുത്തിയ മണ്ഡലമാണ് തൃക്കാക്കര. 2011ല്‍ മണ്ഡലം രൂപീകൃതമായ വര്‍ഷം 74 ശതമാനമായിരുന്നു പോളിങ്. 2016ല്‍ അത് 73 ആയി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69 ശതമാനമായിരുന്നു തൃക്കാക്കര മണ്ഡലത്തിലെ പോളിങ്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചിച്ചുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.