പരാജയഭീതിപൂണ്ട കോൺ​ഗ്രസുകാർ കള്ള പോസ്റ്റിടുന്നത് ലജ്ജാകരമാണെന്ന് കെ വി തോമസ്

0
79

കൊച്ചി: പരാജയഭീതിപൂണ്ട കോൺ​ഗ്രസുകാർ (Congress) കള്ള പോസ്റ്റിടുന്നത് ലജ്ജാകരമാണെന്ന് കെ വി തോമസ് (K V Thomas). താൻ സിപിഎമ്മിന്റെ കുഴിയിൽ പെട്ടുപോയി എന്ന ചിത്രമടക്കം ഉൾപ്പെടുത്തിയുള്ള പ്രചാരണമാണ് വ്യാജമാണെന്ന് കെ വി തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ജനങ്ങൾ കൂട്ടത്തോടു കൂടി വന്ന് വോട്ട് ചെയ്യുമ്പോൾ കോൺഗ്രസുകാരുടെ ഹൃദയമിടിപ്പാണ് കൂടുന്നത്. വൃക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷത്തോടും സിപിഎമ്മിനോടുമൊപ്പം നിൽക്കുന്നതെന്നും കെ വി തോമസ് കുറിച്ചു.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രേരിതമായി ധാരാളം നുണകൾ പറയാറുണ്ട്. എന്നാൽ, സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ട് കളവ് പറയുന്നതും കഥകൾ പ്രചരിപ്പിക്കുന്നതും നല്ലതല്ല. ഡോ. ജോ ജോസഫിനെയും കുടുംബത്തെയും മന:പൂർവ്വം ആക്ഷേപിച്ചവർ തന്നെയാണ് തനിക്കെതിരായ വാർത്തകളും പ്രചരിപ്പിക്കുന്നത്. എട്ട്  തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ രീതികൾ പഠിപ്പിക്കേണ്ട. താൻ ഡോ. ജോ ജോസഫിന് വേണ്ടി പരസ്യമായും നേരിട്ടും തൃക്കാകര വോട്ടർമാരെ ബന്ധപ്പെട്ടിട്ടുള്ളതാണ്. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും ഡോ. ജോ ജോസഫിനെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും കെ വി തോമസ് പറഞ്ഞു.
അതേസമയം, തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്തയാളെ പിടികൂടിയെന്ന് ഇന്ന് രാവിലെ കൊച്ചി പൊലീസ് അറിയിച്ചിരുന്നു. കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അബ്ദുൾ ലത്തീഫ് ലീഗ് അനുഭാവിയെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഒൻപത് മണിയോടെ പോളിംഗ് സജീവമായി തുടങ്ങുമ്പോഴായിരുന്നു കൊച്ചി പൊലീസ് നിർണ്ണായകമായ കസ്റ്റഡി വിവരം പുറത്തുവിട്ടത്. എന്നാൽ, പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനല്ലെന്ന് പ്രാദേശിക നേതൃത്വം പറഞ്ഞു. ലത്തീഫിന് ലീഗുമായി ഒരു ബന്ധവുമില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്‍റെ വിശദീകരണം.