അപേക്ഷകരുടെ അക്കൗണ്ടില്‍നിന്നു പണം പോകും പക്ഷേ, ഇ-ട്രഷറിയില്‍ എത്തില്ല; വഴിയില്‍ കുടുങ്ങി വാഹന്‍ സേവന ഫീസുകള്‍

0
95

അപേക്ഷകരുടെ അക്കൗണ്ടില്‍നിന്നു പണം പോകും. പക്ഷേ, ഇ-ട്രഷറിയില്‍ എത്തില്ല. മോട്ടോര്‍വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ വാഹന്‍-സാരഥി വഴി വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ പണമടയ്ക്കുന്നവര്‍ക്കാണ് ഈ ഗതികേട്. വാഹന്‍-സാരഥി, ഇ-ട്രഷറി, ബാങ്ക് സൈറ്റുകള്‍ എന്നിവ തമ്മിലുള്ള പൊരുത്തക്കേടാണ് പണമിടപാടിലെ പാളിച്ചയ്ക്കുകാരണം.
പണമടച്ചുകഴിയുമ്പോള്‍ അപേക്ഷ പരിഗണനയിലാണെന്ന സന്ദേശമാകും ലഭിക്കുക. കാത്തിരുന്നു മടുക്കുന്നവര്‍ പരാതിയുമായി മോട്ടോര്‍വാഹനവകുപ്പ് ഓഫീസിലെത്തുമ്പോഴാണ് ഫീസ് ട്രഷറിയില്‍ ലഭിച്ചിട്ടില്ലെന്ന് അറിയുക. ഇ-ട്രഷറി സംവിധാനത്തിന്റെ പിഴവാണ് പണമിടപാടിന് തടസ്സമെന്നും അതിനാല്‍ ട്രഷറിയെ സമീപിക്കണമെന്നുമാണ് ബാങ്കില്‍ നിന്നുള്ള മറുപടി.
എന്നാല്‍, യഥാസമയം പണം കൈമാറുന്നതില്‍ ബാങ്കുകള്‍ വീഴ്ചവരുത്തുന്നുവെന്നാണ് ട്രഷറി അധികൃതരുടെ വാദം. കൈമാറാന്‍ കഴിയാത്ത തുക സസ്‌പെന്‍സ് അക്കൗണ്ടിലേക്ക് മാറ്റും. എന്നാല്‍, ട്രഷറി അക്കൗണ്ടിലേക്ക് ഫീസ് എത്താത്തതിനാല്‍ അപേക്ഷ പരിഗണിക്കപ്പെടില്ല. ഓണ്‍ലൈന്‍ ഇടപാടിലെ വീഴ്ചയില്‍ പങ്കില്ലെന്നും ഫീസ് കിട്ടിയെന്നുറപ്പായാല്‍ അപേക്ഷ പരിഗണിക്കാമെന്നുമുള്ള നിലപാടിലാണ് മോട്ടോര്‍വാഹനവകുപ്പ്. ഈ പോരിനിടയില്‍ അപേക്ഷകരാണ് വലയുന്നത്.
വാഹന്‍-സാരഥി വെബ്സൈറ്റ് ഒരുക്കിയ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ ഇരുകൂട്ടരും പഴിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പണമിടപാട് പരിശോധിക്കുന്നതിന് വാഹന്‍- സാരഥി സോഫ്റ്റ്വേറില്‍ ഒരുക്കിയിട്ടുള്ള ‘റീ വെരിഫൈ’ എന്ന സംവിധാനം മാത്രമാണ് അപേക്ഷകരുടെ ഏക ആശ്രയം. ഇതേക്കുറിച്ച് കാര്യമായ പ്രചാരണം മോട്ടോര്‍വാഹനവകുപ്പും നല്‍കിയിട്ടില്ല.
റീ വെരിഫൈ ചെയ്താലും പണമിടപാട് പൂര്‍ത്തിയാകാന്‍ കാലതാമസം നേരിട്ടേക്കും. തുക ട്രഷറിയില്‍ കിട്ടിയ ദിവസമാണ് മോട്ടോര്‍വാഹനവകുപ്പ് പരിഗണിക്കുന്നത്. കാലാവധിക്കുമുമ്പ് പണം അടച്ചാലും ട്രഷറിയില്‍ എത്താന്‍ വൈകിയാല്‍ പിഴ ഒടുക്കേണ്ടിവരും.
ഇ-ട്രഷറി സംവിധാനത്തിലെ സങ്കീര്‍ണതയാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. പോലീസ് ഉള്‍പ്പെടെയുള്ള മറ്റു വകുപ്പുകള്‍ സ്വന്തം അക്കൗണ്ടിലേക്കാണ് പണം സ്വീകരിക്കുന്നത്. അടുത്തദിവസം ട്രഷറിയില്‍ അടയ്ക്കും. ഇതിനുപകരം ഓരോ ഇടപാടുകള്‍ക്കും ട്രഷറിയെ സമീപിക്കുന്ന രീതിയാണ് മോട്ടോര്‍വാഹനവകുപ്പിന്റേത്.