തിരുവനന്തപുരം: തിരുവനന്തപുരം ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വർണവും പണവും വെള്ളിയാഭരണങ്ങളും കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. അമ്പത് പവൻ സ്വർണം കാണാതായെന്നാണ് സബ്- കളക്ടറുടെ റിപ്പോർട്ട്. ജീവനക്കാരുടെ പങ്കിനെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ജില്ലാ കളക്ടർ നവജ്യോത് ഘോസ പറഞ്ഞു. അസ്വാഭാവിക മരണപ്പെടുന്നവരുടെ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് കാണാതായത്. ആർഡിഒയുടെ കീഴിൽ ഒരു സീനിയർ സൂപ്രണ്ടാണ് തൊണ്ടിമുതലുകളുടെ കസ്റ്റോഡിയൻ. 2010 മുതൽ 2020വരെയുള്ള 50 പവൻ സ്വർണവും 45,000, 120 ഗ്രാം വെളളിയാഭരണങ്ങളുമാണ് നഷ്ടമായിരിക്കുന്നത്.
അസ്വാഭാവിക മരണങ്ങളിൽ കേസ് അവസാനിച്ചാൽ മാത്രമാണ് ആർഡിഒ കോടതിയിൽ സൂക്ഷിക്കുന്ന സ്വർണം ബന്ധുക്കള്‍ക്ക് വിട്ടുനൽകുന്നത്. എന്നാൽ ബന്ധുക്കള്‍ പലരും കേസ് അവസാനിച്ചാലും ഇതിനായി അപേക്ഷ നൽകി വരാറില്ല. ഈ പഴുതുപോയോഗിച്ചാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ആർഡിഒ കോടതിയിൽ സൂക്ഷിച്ചിരുന്ന ഭർത്താവിൻെറ സ്വർണം ആവശ്യപ്പെട്ട് ശ്രീകാര്യം സ്വദേശിനി സബ് കളക്ടറെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. സബ്-കളക്ടറുടെ ഉത്തരവിനെ തുടർന്ന് ലോക്കർ പരിശധിച്ചപ്പോള്‍ തൊണ്ടിമുതൽ നഷ്ടപ്പെട്ടിരിക്കുന്നതായി കണ്ടെത്തി.
ഇതേ തുടന്ന് പരിശോധന നടത്തിയപ്പോഴാണ് ലക്ഷങ്ങളുടെ തൊണ്ടിമുതൽ നഷ്ടമായതായി തെളിഞ്ഞത്. ലോക്കർ തകർത്തിട്ടില്ല. അതുകൊണ്ട് ഉദ്യോഗസ്ഥർ തൊണ്ടിമുതൽ മാറ്റിയെന്നാണ് സംശയം. സബ്‍കളക്ടറുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. സ്വർണം കാണാതായ കാലയളവിൽ ഇരുപതിലധികം പേർ സീനിയർ സൂപ്രണ്ട് തസ്തികയിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെ പേരൂർക്കട പൊലീസ് ചോദ്യം ചെയ്യും. കവർച്ചക്കും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള മോഷണത്തിനുമാണ് കേസെടുത്തിരിക്കുന്നത്.